ന്യൂഡല്‍ഹി: വിവാഹനിശ്ചയം കഴിഞ്ഞു എന്ന പേരില്‍ ഭാവിജീവിത പങ്കാളിയില്‍ ആര്‍ക്കും അധികാരമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹനിശ്ചയം കഴിഞ്ഞതിനാല്‍ നിരവധി തവണ ഭാവി വധുവിനെ ലൈംഗികമായി പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്‌ത യുവാവിന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്. ജസ്‌റ്റിസ് സ്വരണ കാന്ത ശര്‍മയുടേതായിരുന്നു ഉത്തരവ്.
2020ലാണ് ഹര്‍ജിക്കാരിയും പ്രതിയും കണ്ടുമുട്ടുന്നത്. ഒരു വര്‍ഷത്തെ പ്രണയത്തിന് ശേഷം കുടുംബങ്ങളുടെ സമ്മത പ്രകാരം ഒക്‌ടോബര്‍ 11ന് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം ഇരുവരും ഉടന്‍ തന്നെ വിവാഹിതരാകാന്‍ പോകുകയാണെന്നും താന്‍ ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല എന്ന് പറഞ്ഞ് യുവാവ് ശാരീരിക ബന്ധത്തിനായി നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു.
ഇരുവരും തമ്മിലുള്ള ശാരീരിക ബന്ധത്തിലൂടെ താന്‍ നിരവധി തവണ ഗര്‍ഭംധരിച്ചിരുന്നുവെന്നും ഇത് അറിഞ്ഞ യുവാവ് ഗര്‍ഭച്ഛിദ്ര ഗുളികകള്‍ കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു. 2022 ജൂലൈ ഒന്‍പതിന് യുവാവും കുടുംബാംഗങ്ങളും വിവാഹം നടത്താന്‍ വിസമ്മതിച്ചിരുന്നു. ഇതേതുടര്‍ന്ന് ജൂലൈ 16ന് യുവതി ഡല്‍ഹി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
ജൂലൈ 22ന് പ്രതിയെ അറസ്‌റ്റ് ചെയ്യുകയും സെപ്‌റ്റംബറില്‍ ഇയാള്‍ക്കെതിരെ പൊലീസ് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യുകയും ചെയ്‌തു. കേസ് ഹൈക്കോടതി പരിഗണിക്കുന്നതിന് മുന്നേ രണ്ട് തവണ സെഷന്‍സ് കോടതി ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പരാതിക്കാരി യാതൊരു തെളിവുകളും ഇതുവരെ ഹാജരാക്കിയിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.
എന്നാല്‍, ഇതുവരെ വിവാഹിതയാവാത്ത ഒരു യുവതി എങ്ങനെയാണ് തെളിവുകള്‍ സമര്‍പ്പിക്കേണ്ടതെന്ന് ഹൈക്കോടതി ചോദിച്ചു. അതേസമയം, കുറ്റങ്ങള്‍ കെട്ടിച്ചമച്ചതല്ലാത്തതിനാല്‍ പ്രതിക്ക് ജാമ്യം നൽകേണ്ടതില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.