ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ വീടിന്‍റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടുവയസുകാരിയുടെ മുഖം കടിച്ചു പറിച്ചു. ഖാജുവാ ജഗീര്‍ സ്വദേശി ചേഡലാല്‍ ഗാങ്‌വര്‍ എന്നയാളാണ് കുട്ടിയെ ആക്രമിച്ചത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ രണ്ടു വയസുകാരിക്ക് പ്ലാസ്റ്റിക് സര്‍ജറി വേണ്ടി വരുമെന്നാണ് വിവരം.
വീടിന്‍റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ നേരെ ചേഡലാല്‍ ഗാങ്‌വര്‍ പാഞ്ഞെടുത്ത് കവിളില്‍ കടിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ വടി കൊണ്ടടിച്ചതോടെയാണ് ഇയാൾ കുട്ടിയെ വിട്ടത്. കുട്ടിയെ ഉടന്‍ ജില്ല ആശുപത്രിയിൽ എത്തിച്ചു. പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്ന് ഡോക്‌ടർമാർ പറഞ്ഞതായി കുട്ടിയുടെ പിതാവ് പറഞ്ഞു.
സംഭവസ്ഥലത്ത് പരിക്കേറ്റ് കിടന്ന ചേഡലാല്‍ ഗാങ്‌വറിനെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേഡലാല്‍ ഗാങ്‌വർ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ഇയാളുടെ കുടുംബം പറഞ്ഞു. സംഭവ ദിവസം വീട്ടിൽ നിന്ന് രക്ഷപ്പെട്ട ഇയാൾ കുട്ടിയെ ആക്രമിക്കുകയായിരുന്നു.
സെക്ഷൻ 326 ഉള്‍പ്പെടെയുള്ള ഐപിസി വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് ബറേലി എസ്‌എസ്‌പി രോഹിത് സിങ് സജ്‌വാൻ പറഞ്ഞു. ഇയാളുടെ മാനസിക നിലയെ കുറിച്ച് റിപ്പോർട്ട് ലഭിച്ച ശേഷം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also read: 'മറഡോണയുടെ വാച്ച് കള്ളനെ പിടിച്ചു': പിന്നാലെ വിവാദക്കുരുക്കില്‍ അസം പൊലീസ്