മംഗളൂരു : കേരളത്തിൽ നിന്ന് കാണാതായ വിഷാദരോഗിയായ യുവാവിനെ കർണാടകയിലെ മംഗളൂരുവിൽ കണ്ടെത്തി.കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയെയാണ് മംഗളൂരുവിൽ കണ്ടെത്തിയത്. 2022 നവംബര്‍ 27നാണ് ഇയാളെ കേരളത്തിൽ നിന്ന് കാണാതാകുന്നത്.
തുടർന്ന് യുവാവിന്‍റെ കുടുംബാംഗങ്ങൾ പൊലീസില്‍ പരാതി നൽകുകയായിരുന്നു. എന്നാൽ കേരളത്തിൽ നിന്ന് കാണാതായ ഇയാള്‍ പിന്നീട് മാനസികാസ്വാസ്ഥ്യത്തോടെ മംഗളൂരു പടിലിലെ വനമേഖലയിൽ കറങ്ങിനടക്കുന്നതായി കണ്ടെത്തി. തുടർന്ന് വൈറ്റ് ഡോവ്‌സ് സംഘടനയിലെ കൊറീന റസ്‌കിനയുടെ നേതൃത്വത്തിലുള്ളവര്‍ യുവാവിന് ചികിത്സ നൽകി.
ചികിത്സയ്‌ക്കിടെ രക്ഷപ്പെടാൻ ശ്രമം : ചികിത്സയ്‌ക്കായി കൊണ്ടുപോകുന്നതിനിടെ യുവാവ് വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ വൈറ്റ് ഡോവ്‌സ് കെട്ടിടത്തിന് മുകളിൽ നിന്ന് പൈപ്പിലൂടെ താഴേക്ക് ഇറങ്ങി രക്ഷപ്പെട്ടു. തുടർന്ന് കുൻടിക്കാന എജെ ആശുപത്രിയ്‌ക്ക് സമീപം വച്ച് കണ്ടെത്തി.
വീണ്ടും രക്ഷപ്പെടാൻ പല തവണ ശ്രമിച്ചെങ്കിലും നടന്നില്ല. ചികിത്സയുടെ ആദ്യ ഘട്ടത്തിൽ ഇയാൾ ആരോടും പ്രതികരിച്ചിരുന്നില്ല. വൈറ്റ് ഡോവ്‌സ് സ്ഥാപനത്തിലെ സെല്ലിലിട്ടാണ് ചികിത്സ നൽകിയത്. തുടര്‍ന്ന് സുഖം പ്രാപിച്ചതോടെ സ്വന്തം സ്വലത്തെ പറ്റി വിവരം നൽകുകയായിരുന്നു.
വികാരനിർഭരമായി ആ കൂടിക്കാഴ്‌ച : തുടർന്ന് വൈറ്റ് ഡോവ്‌സിലെ ജീവനക്കാർ തൃക്കൊടിത്താനം പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ ഇയാളെ കാണാതായതായി പരാതി ലഭിച്ചതായി അറിയിച്ചു. ഇതിനുപിന്നാലെ ഇൻസ്‌പെക്‌ടർ അൻസാരി, പൊലീസ് ഉദ്യോഗസ്ഥനായ സെൽവരാജ്, യുവാവിന്‍റെ സഹോദരൻ എന്നിവരടക്കം അഞ്ചംഗ സംഘം ശനിയാഴ്‌ച വൈറ്റ് ഡോവ്‌സിലെത്തി യുവാവിനെ നാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. ഇയാള്‍ സഹോദരന്‍റെ ഫോണിലൂടെ മറ്റ് കുടുംബാഗങ്ങളെ ബന്ധപ്പെട്ട സന്ദർഭം വികാരനിർഭരമായിരുന്നു.
വൈറ്റ് ഡോവ്സിന് ഇത് 412മത് കേസ് : അതേസമയം സംഘടന ഇത്തരത്തിൽ കണ്ടെത്തി ചികിത്സ നൽകി വീട്ടിലേക്ക് തിരിച്ചയക്കുന്ന 412ാമത് വ്യക്തിയാണ് ഇയാളെന്ന് വൈറ്റ് ഡോവ്സിന്‍റെ സ്ഥാപക കൊറീന റസ്‌കിന പറഞ്ഞു. 2022 ൽ ഇയാളെ കാണാതായതായി പരാതി ലഭിച്ചതായും എന്നാൽ യുവാവ് പോകാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും കണ്ടെത്താനായില്ലെന്നും പൊലീസ് അറിയിച്ചു.
വിഷാദരോഗത്തിനിടെ അപ്രത്യക്ഷനായി : കുട്ടിക്കാലത്ത് ഫിറ്റ്‌സ് രോഗമുണ്ടായിരുന്നുവെന്ന് യുവാവിന്‍റെ സഹോദരൻ പറഞ്ഞു. നാട്ടിൽ വെൽഡിംഗ് ജോലിക്കാരനായിരുന്നു. ഒരു ദിവസം രാത്രി ജോലി കഴിഞ്ഞ് വരുമ്പോൾ എന്തോ കണ്ട് ഭയന്നിരുന്നു. തുടർന്ന് വിഷാദത്തിലാവുകയും പിന്നീട് കാണാതാവുകയുമായിരുന്നെന്നും സഹോദരന്‍ പറയുന്നു.