ന്യൂഡൽഹി : പിഎൻബി തട്ടിപ്പ് കേസിൽ ഡൊമിനിക്കയിൽ പിടിയിലായ മെഹുൽ ചോക്‌സിയെ ഡൊമിനിക്കയിലെ സർക്കാർ ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് മാറ്റിയതായി വൃത്തങ്ങൾ. ശനിയാഴ്ച ജയിലിൽ ചോക്സിക്ക് മർദനമേറ്റതിന്‍റെ ദൃശ്യങ്ങൾ ആന്‍റിഗ്വ ന്യൂസ് റൂം പുറത്തുവിട്ടിരുന്നു.
വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട ശേഷം മെയ് 23ന് കാണാതായ ചോക്സിയുടെ ആദ്യ പൊതു ചിത്രങ്ങളാണിവ. മെയ് 26നാണ് ചോക്സി ഡൊമിനിക്ക പൊലീസിന്‍റെ പിടിയിലാവുന്നത്. വൈദ്യപരിചരണത്തിനും കൊവിഡ് പരിശോധനക്കുമായി ചോക്സിയെ ആശുപത്രിയിലേക്ക് മാറ്റാൻ വെള്ളിയാഴ്ച കിഴക്കൻ കരീബിയൻ സുപ്രീം കോടതി അനുവദിച്ചിരുന്നു.
അതിനിടെ നാടുവിട്ട ചോക്സിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഊർജിതമായി. ചോക്സി ഇന്ത്യൻ പൗരനാണെന്നും രണ്ട് ബില്യണോളം യുഎസ് ഡോളർ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട ശേഷം രാജ്യത്തെ നിയമ നടപടികളിൽ നിന്ന് രക്ഷപെടാനാണ് മറ്റു രാജ്യങ്ങളിലെ പൗരത്വം സ്വീകരിച്ചതെന്നും വിവിധ ഏജൻസികൾ ഡൊമിനിക്ക സർക്കാരിനെ അറിയിച്ചു.
Also Read: ലോക്ക്ഡൗൺ 10 ദിവസത്തേക്ക് നീട്ടി തെലങ്കാന സർക്കാർ
ചോക്സിയെ ഇന്‍റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്ന പിടികിട്ടാപ്പുള്ളിയായ ഇന്ത്യൻ പൗരനായി കണക്കാക്കണമെന്നും ഇന്ത്യയിലെ നിയമനടപടികൾ നേരിടുന്നതിനായി ഇന്ത്യക്ക് വിട്ടുനൽകണമെന്നും രാജ്യം ഡൊമിനിക്കയോട് വ്യക്തമാക്കി. എന്നാൽ ഇന്ത്യക്ക് വിട്ടുതരുന്നത് സംബന്ധിച്ച വിധി പ്രഖ്യാപിക്കുന്നത് ഡൊമിനിക്കൻ കോടതി ജൂൺ 2 വരെ നീട്ടി. ഹേബിയസ് കോർപ്പസ് അപേക്ഷയും കോടതി ജൂൺ 2ന് പരിഗണിക്കും.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13000 കോടിയുടെ തട്ടിപ്പ് നടത്തിയതിനാണ് വജ്ര വ്യാപാരിയായ മെഹുൽ ചോക്സി, അനന്തരവൻ നീരവ് മോദി എന്നിവർക്കെതിരെ അന്വേഷണം നടക്കുന്നത്.