സെന്‍റിന്‍ ജോണ്‍സ്(ആന്‍റിഗ്വ): പിഎന്‍ബി തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്‌സി കരീബിയന്‍ ദ്വീപുകളില്‍ ഒന്നായ ഡൊമനിക്കയില്‍ പിടിയിലായി. പ്രാദേശിക പൊലീസാണ് വിവാദ വജ്ര വ്യാപാരിയെ പിടികൂടിയത്. 13,000 കോടിയുടെ പിഎന്‍ബി വായ്‌പാ തട്ടിപ്പ് നടത്തി കരീബിയന്‍ ദ്വീപായ ആന്‍റിഗ്വയിലേക്ക് കടന്ന ചോക്‌സിയെ തിരിച്ചെത്തിക്കാന്‍ ഇന്ത്യന്‍ അന്വേഷണ ഏജെന്‍സികള്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
അന്‍റിഗ്വയില്‍ നിന്നും ചോക്‌സിയെ കാണാതായെന്ന് നേരത്തെ അദ്ദേഹത്തിന്‍റെ അഭിഭാഷകനും കരീബിയന്‍ റോയല്‍ പൊലീസും നേരത്തെ വ്യക്തമാക്കിയിരുന്നു. 2018 മുതല്‍ വിവിധ അന്വേഷണ ഏജെന്‍സികള്‍ തിരയുന്ന പ്രതിയാണ് ചോക്‌സി. ചോക്‌സിയെ കാണാതായതോടെ ഇന്‍റര്‍പോള്‍ യെല്ലോ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡോമനിക്കയില്‍ നിന്നും ഇയാളെ പിടികൂടിയത്.
അതേസമയം ചോക്‌സിയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ അധികൃതര്‍ ശ്രമിക്കണമെന്ന് അന്‍റിഗ്വ പ്രധാനമന്ത്രി ഗാസ്‌ടണ്‍ ബ്രൗണ്‍ പ്രതികരിച്ചു. ഡൊമനിക്കയില്‍ പടിയിലായ ചോക്‌സിയെ ആന്‍റിഗ്വയിലേക്ക് തിരികെ എത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഡൊമനിക്കന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് ചോക്‌സിയെ നാട്ടിലെത്തിക്കാന്‍ ഇന്ത്യ ശ്രമിക്കണമെന്നും ബ്രൗണ്‍ പ്രതികരിച്ചു. കഴിഞ്ഞ ഞായറാഴ്‌ചാണ് ചോക്‌സിയെ ആന്‍റിഗ്വയില്‍ നിന്നും കാണാതായത്.
കൂടുതല്‍ വായനക്ക്:ചോക്സിയുടെ 24 കോടിയുടെ ആസ്തി എന്‍ഫോഴ്സ്മെന്‍റ് കണ്ടുകെട്ടി