ദക്ഷിണ കന്നഡ : കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കല്ലേമ്പി ഗ്രാമത്തില്‍ പുരാതന ഗുഹ കണ്ടെത്തി. കൃഷി ആവശ്യത്തിനായി മണ്ണ് ഉഴുതുമറിക്കുമ്പോഴാണ് മഹാശിലായുഗത്തിലേതെന്ന് കണക്കാക്കുന്ന ഗുഹ കണ്ടെത്തിയത്. പുരാവസ്‌തു ഗവേഷകര്‍ ഗുഹയിലെ മണ്‍പാത്രങ്ങളും മറ്റും പരിശോധിച്ചു.
ഗുഹയില്‍ നിന്ന് കണ്ടെത്തിയ പുരാവസ്‌തുക്കള്‍ക്ക് ദക്ഷിണ കന്നഡ ജില്ലയിലെ മട്‌കോണജെ ഗ്രാമത്തില്‍ നിന്നും കുടകിലെ ഹെഗഡെഹള്ളിയിലെയും സിദ്ധലിംഗപുരയിലെയും കല്ലറകളില്‍ നിന്നും കണ്ടെത്തിയ പുരാവസ്‌തുക്കളുമായി സാമ്യമുണ്ടെന്ന് സുന്ദരറാം ഷെട്ടി കോളജിലെ പുരാവസ്‌തു വിഭാഗം പ്രൊഫസര്‍ ടി മുരുഗേഷി ഇടിവി ഭാരതിനോട് പറഞ്ഞു.
ഗുഹയുടെ നിര്‍മാണ ശൈലിക്ക് കേരളത്തില്‍ കണ്ടെത്തിയ മഹാശിലയുഗ ഗുഹകളുമായി സാമ്യമുണ്ട്. എന്നാല്‍ കേരളത്തിലെ ഗുഹകള്‍ക്കുള്ള ചില പൊതുവായ പ്രത്യേകതകള്‍ ഈ ഗുഹയ്‌ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ പൂര്‍ണമായ വിലയിരുത്തലുകള്‍ സാധ്യമാവുകയുള്ളൂ. കണ്ടെടുത്ത മണ്‍പാത്രങ്ങളില്‍ വിശദമായ പരിശോധന നടന്നു കൊണ്ടിരിക്കുകയാണ്.
ഇവയെ ലബോറട്ടറിയില്‍ വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കും. പത്ത് ഇഞ്ച് വലിപ്പമുള്ള ഒറ്റക്കാലുള്ള ചുവന്ന ജാര്‍, 7.5 വ്യാസത്തിലുള്ള ചുവന്ന മൂടി, 8.5 വ്യാസമുള്ള കറുപ്പ് മൂടി, 19 സെന്‍റിമീറ്റര്‍, 22 സെന്‍റിമീറ്റര്‍, 23.5 സെന്‍റിമീറ്റര്‍ എന്നിങ്ങനെ വലുപ്പമുള്ള ചുവന്ന മൂന്ന് മണ്‍കുടങ്ങള്‍, 9 സെന്‍റിമീറ്റര്‍ വലിപ്പമുള്ള കറുത്ത മണ്‍കുടം എന്നിവയാണ് ഗുഹയില്‍ നിന്ന് കണ്ടെത്തിയത്.
ഒരു ചെറിയ കുന്നിന്‍റെ ചരിവിലാണ് ഗുഹ കണ്ടെത്തിയത്. ഇതിന് സമീപത്ത് കൂടി കുമാരധാര എന്ന നദി ഒഴുകുന്നുണ്ട്. എന്നാല്‍ ലോഹ വസ്‌തുക്കളൊന്നും ഗുഹയില്‍ നിന്ന് കണ്ടെത്തിയിട്ടില്ല. ഗുഹയ്‌ക്ക് അര്‍ധ ഗോളാകൃതിയാണുള്ളത്. ഗുഹയുടെ മധ്യഭാഗത്തായി തൂണും അതിന്‍റെ രണ്ട് ഭാഗങ്ങളിലും മണ്‍കൂമ്പാരവുമുണ്ട്. ഈ മണ്‍കൂമ്പാരം മാറ്റാതെ കൂടുതല്‍ പഠനം നടത്താന്‍ സാധിക്കില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി.