നളന്ദ(ബിഹാർ): ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലിയുടെ ജന്മദിനം ആഘോഷമാക്കി 'ബിഹാറിലെ വിരാട് കോലി'. നളന്ദ ജില്ലയിലെ ഷരീഫ് സ്വദേശിയായ കോലിയുടെ രൂപസാദൃശ്യമുള്ള മുഷറഫ് അസമാണ് തന്‍റെ ഇഷ്‌ടതാരത്തിന്‍റെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ചത്. ഒറ്റ നോട്ടത്തിലല്ല, രണ്ട് നോട്ടത്തിലായാലും കോലിയുടെ അതേ രൂപം തന്നെയാണ് മുഷറഫിന്. അതിനാൽ തന്നെ നാട്ടിലെ ഒരു സെലിബ്രിറ്റി കൂടിയാണ് മുഷറഫ് ഇപ്പോൾ.
കൊൽക്കത്തയിൽ ഒരു ഐപിഎൽ മത്സരം കാണാൻ പോയതിന് ശേഷമാണ് മുഷറഫ് കോലിയായി മാറിയത്. 'ഗ്യാലറിയിൽ മറ്റ് കാണികൾക്കിടയിൽ നിൽക്കുകയായിരുന്നു ഞാൻ. പെട്ടെന്ന് ആളുകൾ എന്നെ നോക്കി കോലി കോലി എന്ന് വിളിക്കാൻ തുടങ്ങി. അവർ എന്‍റെ അടുത്ത് വന്ന് സെൽഫിയെടുക്കാൻ തുടങ്ങി. അന്നു മുതൽ വിരാട് കോലിയെപ്പോലെ താടിയും ഹെയർസ്റ്റൈലും നിലനിർത്തിക്കൊണ്ട് ഞാൻ കോലിയായി മാറുകയായിരുന്നു', മുഷറഫ് പറഞ്ഞു.
കോലിയുടെ ലുക്ക് മാത്രമല്ല കോലിയെപ്പൊലെ മികച്ചൊരു ക്രിക്കറ്റ് കളിക്കാരൻ കൂടിയാണ് മുഷറഫ്. ഇപ്പോൾ ടൂർണമെന്‍റുകൾ കളിക്കാൻ പോകുമ്പോൾ കോലി രണ്ടാമൻ എന്നാണ് മുഷറഫിനെ കാണികൾ അഭിസംബോധന ചെയ്യുന്നത്. മാത്രമല്ല സോഷ്യൽ മീഡിയയിൽ തന്‍റെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യുമ്പോൾ ആളുകൾ വിരാട് കോലിയുമായി താരതമ്യം ചെയ്‌ത് കമന്‍റുകൾ ഇടാറുണ്ടെന്നും മുഷറഫ് പറഞ്ഞു.
'ഞാൻ എന്‍റെ ചിത്രങ്ങളും വീഡിയോകളും ഫേസ്ബുക്കിൽ പങ്കിടുമ്പോഴെല്ലാം ആളുകൾ എന്നെ വിരാട് കോലിയുമായി താരതമ്യം ചെയ്യുന്നു. ഞാൻ അദ്ദേഹത്തിന്‍റെ ശൈലി പകർത്തുകയല്ല, മറിച്ച് അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തെ ആദരിക്കുകയാണ് ചെയ്യുന്നത്. ഇന്ന് കോലിയുടെ ജന്മദിനമാണെങ്കിലും എന്‍റെ ജന്മദിനം പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്. അതിനാലാണ് കേക്ക് മുറിച്ച് ആഘേഷിച്ചത്', മുഷറഫ് വ്യക്‌തമാക്കി.
നിലവിൽ പട്ടണത്തിൽ ഒരു റെഡിമെയ്‌ഡ് തുണിക്കട നടത്തുകയാണ് മുഷറഫ്. വിരാട് കോലിയെ നേരിട്ട് കാണണമെന്നത് തന്‍റെ ഏറ്റവും വലിയ ആഗ്രഹമാണെന്ന് മുഷറഫ് വ്യക്‌തമാക്കി. കൂടാതെ തനിക്കും കോലിയെപ്പോലെ ഒരു ക്രിക്കറ്റ് കളിക്കാരനാകണമെന്നും രാജ്യത്തിന് ബഹുമതികൾ കൊണ്ടുവരണമെന്നും മുഷറഫ് കൂട്ടിച്ചേർത്തു.