ജയ്‌പൂർ: വിവിധ യുക്രൈൻ സർവകലാശാലകളിൽ ബിരുദ മെഡിക്കൽ കോഴ്‌സുകൾ പഠിച്ചിരുന്ന ഇന്ത്യൻ വിദ്യാര്‍ഥികൾക്ക് പഠനം തുടരാൻ അനുവദിക്കുന്ന 29 രാജ്യങ്ങളുടെ പട്ടിക ദേശീയ മെഡിക്കൽ കമ്മിഷൻ പുറത്തുവിട്ടു. ഇത് സംബന്ധിച്ച വിജ്ഞാപനം വ്യാഴാഴ്‌ച(15.09.2022) പുറത്തിറങ്ങി. റഷ്യ - യുക്രൈൻ യുദ്ധത്തെ തുടർന്ന് വിദ്യാർഥികൾ രാജ്യം വിടാൻ നിർബന്ധിതരായിരുന്നു.
ഇത്തരത്തിൽ നൂറുകണക്കിന് മെഡിക്കൽ വിദ്യാര്‍ഥികളാണ് പഠനം പാതിവഴിയിൽ നിർത്തി ഇന്ത്യയിലേക്ക് മടങ്ങിയത്. നിലവിൽ സ്റ്റുഡന്‍റ് മൊബിലിറ്റി പ്രോഗ്രാമിന് കീഴിലുള്ള ഈ മെഡിക്കൽ വിദ്യാർത്ഥികൾ യുഎസ്‌എ, ഫ്രാൻസ്, സ്വീഡൻ എന്നിവയുൾപ്പെടെ 29 രാജ്യങ്ങളിൽ പഠനം തുടരാനാകുമെന്ന് വിദ്യാഭ്യാസ വിദഗ്‌ധൻ ദേവ് ശർമ അറിയിച്ചു. പോളണ്ട്, ഓസ്‌ട്രിയ, ചെക്ക് റിപ്പബ്ലിക്, ഫ്രാൻസ്, ജോർജിയ, കസാക്കിസ്ഥാൻ, ലിത്വാനിയ, മോൾഡോവ, സ്ലോവേനിയ, സ്‌പെയിൻ, ഉസ്‌ബെക്കിസ്ഥാൻ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഇറ്റലി, ബെൽജിയം, ഈജിപ്‌ത്, ബെലാറസ്, ലാത്വിയ, കിർഗിസ്ഥാൻ, ഗ്രീസ്, റൊമാനിയ, സ്വീഡൻ, ഇസ്രായേൽ, ഇറാൻ, അസർബൈജാൻ, ബൾഗേറിയ, ജർമനി, തുർക്കി, ക്രൊയേഷ്യ, ഹംഗറി എന്നിവരാണ് പഠനത്തിന് അനുമതി നൽകിയിട്ടുള്ള മറ്റു രാജ്യങ്ങൾ.
സെപ്‌റ്റംബർ ആറിന് സ്റ്റുഡന്‍റ് മൊബിലിറ്റി പ്രോഗ്രാമിന് അനുമതി ലഭിച്ചിരുന്നെങ്കിലും വ്യാഴാഴ്‌ചയാണ് രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ഇന്ത്യയിലെ വിദ്യഭ്യാസ നിയമങ്ങൾ വളരെ കർശനമായതിനാൽ സാധാരണ സാഹചര്യങ്ങളിലോ അടിയന്തര സാഹചര്യങ്ങളിലോ പോലും വിദേശ രാജ്യങ്ങളിൽ എംബിബിഎസ് കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് ഇന്ത്യൻ സർവകലാശാലകളിൽ തുടരാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥികൾക്കായി വിദേശരാജ്യങ്ങളിലായി സൗകര്യം ഒരുക്കിയത്.
കോഴ്‌സുകൾ പൂർത്തിയാക്കിയ ശേഷം ഇവർക്ക് യുക്രൈൻ സർവകലാശാലകളിൽ നിന്ന് തന്നെ മെഡിക്കൽ ബിരുദങ്ങൾ വാങ്ങേണ്ടി വരും.