കൊല്‍ക്കത്ത: ആരോഗ്യ രംഗത്ത് വളരെ അപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള ഒട്ടനവധി വാര്‍ത്തകള്‍ മുന്‍പ് പുറത്തുവന്നിട്ടുണ്ട്. അത്തരത്തിലൊരു അത്ഭുതകരമായ വാര്‍ത്തയാണിപ്പോള്‍ പശ്ചിമ ബംഗാളിലെ ബര്‍ധന്‍ മെഡിക്കല്‍ കോളജില്‍ നിന്നും പുറത്ത് വരുന്നത്. 41 വയസുള്ള ഒരു ഗര്‍ഭിണിയേയും നവജാത ശിശുവിനെയുമാണ് അതീവ പരിചരണത്തിലൂടെ ഡോക്‌ടര്‍മാര്‍ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്.
ഗര്‍ഭകാലവും പരിചരണവും ഇങ്ങനെ: ആശുപത്രിയിലെത്തി വന്ധ്യത ചികിത്സയ്‌ക്ക് ശേഷമാണ് 41 കാരി ഗര്‍ഭിണിയായത്. തുടര്‍ന്ന് പരിശോധനയ്‌ക്ക് വിധേയമായപ്പോഴാണ് ഇരട്ടക്കുട്ടികളാണെന്ന് കണ്ടെത്തിയത്. ആശുപത്രിയില്‍ ചികിത്സ തുടര്‍ന്ന് വരുന്നതിനിടെ ഇരട്ടക്കുട്ടികളില്‍ ഒരാള്‍ ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെ മരിച്ചു. എന്നാല്‍ നവജാത ശിശുക്കളില്‍ ഒരാള്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ഡോക്‌ടര്‍മാര്‍ പരിശോധനയില്‍ കണ്ടെത്തി.
കഴിഞ്ഞ ജൂലൈയിലാണ് നവജാത ശിശുക്കളില്‍ ഒന്ന് ഗര്‍ഭപാത്രത്തില്‍ വച്ച് മരിച്ചത്. മരിച്ച കുഞ്ഞിനെ പ്രസവത്തിലൂടെ തന്നെ ഡോക്‌ടര്‍മാര്‍ പുറത്തെടുത്തു. എന്നാല്‍ രണ്ടാമത്തെ കുഞ്ഞിന് യാതൊരു കുഴപ്പവുമില്ലാത്ത രീതിയില്‍ ഗര്‍ഭ പാത്രത്തില്‍ നിലനിര്‍ത്തുകയും ചെയ്‌തു.
മരിച്ച കുഞ്ഞിന്‍റെ പൊക്കിള്‍ കൊടി അതീവ ശ്രദ്ധയോടെ ഡോക്‌ടര്‍മാര്‍ നീക്കം ചെയ്‌തു. മരിച്ച കുഞ്ഞിനെ പുറത്തെടുത്തതിന് ശേഷം 18 ആഴ്‌ചകള്‍ക്ക് ശേഷമാണ് സ്‌ത്രീ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ചികിത്സയുടെ ഭാഗമായി 125 ദിവസമാണ് ഗര്‍ഭിണിയെ ആശുപത്രി അധികൃതര്‍ പരിചരിച്ചത്. ആദ്യ കുഞ്ഞിനെ പ്രസവിച്ചതിന് പിന്നാലെ അണുബാധയുണ്ടാകാന്‍ സാധ്യത ഏറെയായിരുന്നു. എന്നാല്‍ അതീവ പരിചരണം കാരണം സ്‌ത്രീ ആരോഗ്യവതിയായിരുന്നു.
നവംബര്‍ 14 ശിശുദിനത്തിലാണ് രണ്ടാമത്തെ കുഞ്ഞിനെ ഓപ്പറേഷനിലൂടെ പുറത്തെടുത്തത്. 2.9 കിലോഗ്രാം ഭാരമുണ്ടായിരുന്നു കുഞ്ഞെന്നും അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യ നില തൃപ്‌തികരമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
ആശുപത്രി അധകൃതരുടെ പ്രതികരണം: വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുഞ്ഞുങ്ങളില്ലാതിരുന്ന 41 കാരി ആശുപത്രിയിലെത്തി ഐവിഎഫിന് വിധേയമായതിന് പിന്നാലെയാണ് ഗര്‍ഭം ധരിച്ചത്. രണ്ട് തവണയാണ് ഇവര്‍ ഐവിഎഫിന് വിധേയയായത്. ആദ്യം നടത്തിയ ഐവിഎഫ് പരാജയപ്പെട്ടതോടെ രണ്ടാമതും നടത്തുകയായിരുന്നു.
ഇതോടെ ഇവര്‍ ഗര്‍ഭിണിയാകുകയും ചെയ്‌തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭപാത്രത്തില്‍ ഇരട്ടക്കുട്ടികളാണെന്ന് കണ്ടെത്തിയത്. ശിശുക്കളില്‍ ഒരാള്‍ മരിച്ചത് തങ്ങളെ ഏറെ ആശങ്കയിലാക്കിയെന്നും രണ്ടാമത്തെ ശിശുവിന് അണുബാധ ഏല്‍ക്കാതെ സംരക്ഷിക്കുന്നതും ഏറെ വെല്ലുവിളിയായിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് തപസ് ഘോഷ് പറഞ്ഞു.
അമ്മയുടെ പ്രായം എന്നത് ഏറെ ആശങ്കയുണ്ടാക്കിയ ഒന്നായിരുന്നു. അതുകൊണ്ടാണ് ദിവസങ്ങളോളം ആശുപത്രിയില്‍ തന്നെ പരിചരിച്ചത്. തങ്ങള്‍ക്ക് ഇത് തികച്ചും ഒരു നേട്ടം തന്നെയാണ്. അമ്മയും കുഞ്ഞും ആരോഗ്യവാന്മാരാണെന്നും അതില്‍ സന്തോഷമുണ്ടെന്നും ആശുപത്രിയിലെ ഡോ. സര്‍ക്കാര്‍ പറഞ്ഞു.
also read: അമ്മയ്ക്കും കുഞ്ഞിനും രക്ഷകനായി നഴ്‌സ് ; ദേശീയപാതയിൽ 108 ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം