ഹൈദരാബാദ്: അപൂര്‍വ രോഗത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുകയാണ് രണ്ട് വയസ് മാത്രം പ്രായമുള്ള കുഞ്ഞ് അവിനാഷ്. ചികിത്സക്കായി കോടിക്കണക്കിന് രൂപ ചെലവ് വരും. ഇതിനായി സുമനസുകളുടെ സഹായം തേടുകയാണ് രക്ഷിതാക്കള്‍. ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയ ഛത്തീസ്‌ഗഢ് സ്വദേശികളായ ദമ്പതികളാണ് ഈ മിടുക്കന്‍റെ നല്ലഭാവിക്കായി സഹായം അഭ്യര്‍ത്ഥിക്കുന്നത്.
സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി(എസ്‌എംഎ) എന്ന അപൂര്‍വ രോഗമാണ് അവിനാഷിന്. അമേരിക്കയില്‍ മാത്രം ലഭ്യമായ ജീന്‍ മാറ്റിവെക്കല്‍ ചികിത്സാ രീതിയായ സോള്‍ജെന്‍സ്‌മയിലൂടെ അസുഖം ഭേദമാകും. ചികിത്സയുടെ ഭാഗമായുള്ള കുത്തിവെപ്പിന് ഓരോ തവണയും 16 കോടി രൂപ ചിലവ് വരുമെന്ന് ദമ്പതികള്‍ പറയുന്നു.
കുഞ്ഞിനെ പരിചരിക്കാനായി ഇതിനകം മാതാവ് ജോലി ഉപേക്ഷിച്ചു. ചികിത്സക്കുള്ള പണം കണ്ടെത്താനുള്ള ശ്രമം ഇരുവരും തുടരുകയാണ്. 'ഇംപാക്റ്റ്ഗുരു' ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ കുഞ്ഞിന്‍റെ ചികിത്സക്കായി കഴിഞ്ഞ 10 ദിവസമായി ധനസമാഹരണം നടക്കുന്നുണ്ട്. ഇതേവരെ 1.40 കോടി രൂപ ഇത്തരത്തില്‍ സ്വരൂപിച്ചു. മകന്‍റെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാരും ജനങ്ങളും പരമാവധി ശ്രമിക്കണമെന്നാണ് ദമ്പതികള്‍ ആവശ്യപ്പെടുന്നത്.