ന്യൂഡൽഹി : കൊവിഡ് പ്രതിരോധ വാക്‌സിനുകൾക്കായി പുതിയ ഓർഡർ നൽകിയിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസർക്കാർ. ഇത്തരം വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ വാക്‌സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കിനും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനും കഴിഞ്ഞ മാർച്ചിന് ശേഷം ഓർഡറുകൾ നൽകിയിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ജൂലൈ മാസത്തേക്ക് വരെ 11 കോടി കൊവിഷീൽഡ് വാക്‌സിൻ ഡോസുകൾക്കായി പൂനൈ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് 1,732,50 കോടി രൂപ അഡ്വാൻസ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ചവരെ 8.744 കോടി ഡോസുകൾ ലഭിച്ചെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാസം 28 ന് അഞ്ച് കോടി കൊവാക്‌സിൻ ഡോസുകൾക്കായി ഭാരത് ബയോടെകിന് 787 കോടി രൂപ അഡ്വാൻസ് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച വരെ 88 ലക്ഷം ഡോസ് വാക്‌സിനുകൾ ലഭിച്ചെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാരിന്‍റെ അറിയിപ്പ് സെറം ഇൻസ്റ്റിറ്റ്യൂട്ടും ശരിവച്ചു. ഒരു വർഷത്തോളമായി കേന്ദ്രസർക്കാരിനൊപ്പം പ്രവർത്തിച്ചുവരികയാണ്. മഹാമാരിയിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനായി വാക്‌സിൻ ഉത്പാദനം വർധിപ്പിക്കുമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.