ബരിപദ: ഒഡിഷയിലെ മയൂർഭഞ്ച് ജില്ല കലക്‌ടറുടെ വാഹനം ആക്രമിച്ച സംഭവത്തില്‍ ഒന്‍പത് പേര്‍ പിടിയില്‍. ബരിപദ പൊലീസ് ഞായറാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. സബ് ഡിവിഷണൽ പൊലീസ് ഓഫിസർ കെ.കെ ഹരിപ്രസാദാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ഗ്രാമപഞ്ചായത്ത് ഓഫിസ് അനുവദിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ടാണ് സംഭവം. കുലിയാന ബ്ലോക്കിലെ ബഡാനുഗാവ് ഗ്രാമത്തിലാണ് വിഷയമുണ്ടായത്. വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ബഡാ നുഗാവ് ഗ്രാമത്തില്‍ പഞ്ചായത്ത് ഓഫിസ് നിര്‍ബന്ധമാണെന്ന് ഏറെ നാളായി പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
എന്നാല്‍, ഈ ആവശ്യം അംഗീകരിക്കാത്തതില്‍ രോഷാകുലരായ പ്രദേശവാസികള്‍ കലക്‌ടര്‍ വിനീത് ഭരദ്വാജിന് നേരെ തിരിഞ്ഞു. കല്ലേറിനെ തുടര്‍ന്ന് വാഹനത്തിന്‍റെ പിൻഭാഗത്തെ ഗ്ലാസ് തകർന്നെങ്കിലും കലക്‌ടറും ഡ്രൈവറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് രജിസ്റ്റർ ചെയ്‌തത്.