ലക്‌നൗ: ഐസിയുവില്‍(ICU) കഴിയുന്ന രോഗിയെ കാണാന്‍ കാലിലെ ചെരുപ്പ് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രകോപിതയായ ലഖ്‌നൗ മേയര്‍ ആശുപത്രി പൊളിക്കാന്‍ നിര്‍ദേശം നല്‍കി. ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ ബിജ്‌നോറിലുള്ള വിനായക് ആശുപത്രിയിലായിരുന്നു(vinayak hospital) നഗരസഭയിലെ ജീവനക്കാരനായ രോഗിയെ കാണാന്‍ മേയര്‍ സുഷമ ഖാർക്വാൾ(Sushma Kharkwal) എത്തിയത്. ഈ സമയം മേയര്‍ ചെരിപ്പ് ധരിച്ച് ഐസിയുവിന് ഉള്ളില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത് തടയാന്‍ ഡോക്‌ടര്‍മാരും നഴ്‌സുമാരും ശ്രമിച്ചതാണ് ഇരുകൂട്ടരും തമ്മിലുള്ള വാക്ക് തര്‍ക്കത്തിന് കാരണമായത്.
ചെരിപ്പ് അഴിച്ചുമാറ്റാന്‍ പറഞ്ഞതില്‍ പ്രകോപിതയായ മേയര്‍ ഉടന്‍ തന്നെ നഗരസഭയുടെ എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡിനെയും ബുള്‍ഡോസറും വിളിച്ച് ഉടനടി ആശുപത്രിയിലെത്താന്‍ ആവശ്യപ്പെട്ടു. ബുള്‍ഡോസര്‍ സ്ഥലത്തെത്തിയപ്പോള്‍ ആശുപത്രി സംഘര്‍ഷഭരിതമായി. ശേഷം, ആശുപത്രിയില്‍ എത്തിയ എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് ചില രേഖകള്‍ ആശുപത്രിയിലെ ഗെയിറ്റില്‍ പതിച്ചു.
ആശുപത്രി അധികൃതര്‍ എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡിനെ കയ്യേറ്റം ചെയ്‌തതിനെ തുടര്‍ന്ന് കെട്ടിടം പൊളിക്കാനുള്ള ബുള്‍ഡോസറിന്‍റെ ശ്രമം പാഴായി. സംഭവത്തെ തുടര്‍ന്ന് വരും ദിവസങ്ങളില്‍ നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. മാത്രമല്ല, സംഭവത്തില്‍ മേയറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ചെരുപ്പ് ധരിച്ച് ഐസിയുവിന് ഉള്ളില്‍ പ്രവേശിക്കരുതെന്ന് പറയുന്നത് തികച്ചും അടിസ്ഥാനരഹിതമാണെന്ന് മേയര്‍ പറഞ്ഞു.
നഗരസഭയിലെ വിരമിച്ച ജീവനക്കാര്‍ ആശുപത്രിയില്‍ അഡ്‌മിറ്റായിരുന്നുവെന്നും ഇവര്‍ക്ക് മികച്ച ചികിത്സ ലഭിക്കുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നുവെന്നും മേയര്‍ പറഞ്ഞു. ഇതില്‍ മാനേജ്‌മെന്‍റിനോട് പരാതി പറഞ്ഞതിനെ തുടര്‍ന്ന് നടപടി ഏടുക്കാന്‍ അവര്‍ വിമുഖത കാട്ടിയെന്നും അതിനാലാണ് ബുള്‍ഡോസര്‍ വിളിച്ചതെന്നും മേയര്‍ ആരോപിച്ചു. എന്നാല്‍, ഐസിയുവില്‍ കഴിയുന്ന രോഗികള്‍ക്ക് അണുബാധ പടരാതിരിക്കാനാണ് ചെരുപ്പ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടതെന്നും ഇത് മേയര്‍ വിസമ്മതിക്കുകയായിരുന്നുവെന്നും അശുപത്രി അധികൃതര്‍ പറഞ്ഞു. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും കയ്യേറ്റ ശ്രമം ഉണ്ടായിട്ടുണ്ടെന്നും അത് അന്വേഷിക്കണമെന്ന് മേയറും ആവശ്യപ്പെട്ടു.
ആദിവാസി യുവാവിന്‍റെ ദേഹത്ത് മൂത്രമൊഴിച്ച പ്രതിയുടെ വീട് തകര്‍ത്തു(sidhi urination case accused home razed): അതേസമയം, ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ മധ്യപ്രദേശില്‍ ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച കേസിലെ പ്രതി പ്രവേഷ് ശുക്ലയുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് പൊലീസ് ഇടിച്ച് നിരത്തി. പ്രതിയെ അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം വീട് തകര്‍ത്തത്. അതേസമയം ഈ സംഭവം നേരത്തേ നടന്നതാണെന്നും തെരഞ്ഞെടുപ്പ് സമയം അടുത്തതോടെ വിവാദം സൃഷ്‌ടിക്കുന്നതിനായാണ് കേസും അറസ്‌റ്റുമെന്ന് പ്രവേഷ് ശുക്ലയുടെ പിതാവ് രമാകാന്ത് ആരോപിച്ചു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബിജെപി നേതാക്കളുമായി അടുത്ത് ബന്ധമുള്ളയാളാണ് ശുക്ലയെന്നും വിവിധ കേസുകളില്‍ അദ്ദേഹത്തെ പ്രതിയാക്കാനുള്ള ശ്രമങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ടെന്നും പിതാവ് പറഞ്ഞു. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. അതേസമയം, അന്വേഷണം നടത്താന്‍ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഡി ശര്‍മ പറഞ്ഞു.
മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. നിലത്തിരിക്കുന്ന യുവാവിന്‍റെ മുഖത്തേക്ക് ഒരാള്‍ മൂത്രമൊഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വൈറലായ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സംഭവത്തില്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.