ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ പാക് സൈന്യം നടത്തുന്ന വെടിവെപ്പുകളില്‍ ഈ വര്‍ഷം വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഭീകരരെ നുഴഞ്ഞു കയറാന്‍ സഹായിക്കുന്ന പാക് സേനയുടെ നിരാശയാണ് അതിര്‍ത്തി കടന്നുള്ള വെടിവെപ്പിലുണ്ടായ വര്‍ധനയെന്ന് ബിഎസ്‌എഫ് വ്യക്തമാക്കി. സുരക്ഷാസേനയുടെ ശ്രദ്ധ തിരിക്കുക വഴി ഭീകരര്‍ക്ക് നുഴഞ്ഞു കയറാന്‍ അവസരം ഉണ്ടാക്കുകയാണ് പാക് സേനയെന്ന് ജമ്മുവിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഒക്‌ടോബര്‍ വരെ അതിര്‍ത്തി കടന്നുള്ള 314 വെടിവെപ്പുകള്‍ പാകിസ്ഥാന്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജമ്മുവില്‍ 185 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഫെബ്രുവരിയില്‍ മാത്രം 36 വെടിവെപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. കഴിഞ്ഞ വര്‍ഷം ഇത് 23 ആയിരുന്നു.
ഈ വര്‍ഷം ജൂണ്‍ മുതല്‍ പാകിസ്ഥാന്‍ ഇന്ത്യയെ ലക്ഷ്യം വെച്ച് നിരന്തരം ആക്രമണം നടത്തുകയാണ്. ബിഎസ്‌എഫിന്‍റെ നേതൃത്വത്തില്‍ ഉചിതമായ തിരിച്ചടി നല്‍കുകയും ചെയ്തു. ജൂണില്‍ പാക് സേന 36 വെടിവെപ്പുകളാണ് അതിര്‍ത്തിയെ ലക്ഷ്യമാക്കി നടത്തിയത്. അതേ സമയം കഴിഞ്ഞ വര്‍ഷം 9 വെടിവെപ്പുകള്‍ മാത്രമേ നടത്തിയിരുന്നുള്ളു. ഒക്‌ടോബറിലാണ് പാക് സേന ഏറ്റവും കൂടുതല്‍ വെടിവെപ്പ് നടത്തിയത്. 65 വെടിവെപ്പുകളാണ് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നടത്തിയത്. എന്നാല്‍ താരതമ്യേന 47 വെടിവെപ്പുകളാണ് കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ നടത്തിയത്.