ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി-യുവമോർച്ച നേതാവിന്‍റെ കൊലപാതകത്തിന് പിന്നാലെ ബിജെപിയില്‍ കൂട്ടരാജി. കര്‍ണാടക സര്‍ക്കാര്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് രാജി. ബിജെപിയുടെ സാമൂഹിക മാധ്യമ സംഘത്തിലെ അംഗം ശ്രീനിവാസ് ഗൗഡ, യുവമോർച്ച ജനറൽ സെക്രട്ടറിയും എംഎൽഎ സിദ്ദു സാവദിയുടെ മകനുമായ വിദ്യാധർ സാവദി ഉള്‍പ്പെടെയുള്ള നേതാക്കളും നിരവധി പ്രവര്‍ത്തകരുമാണ് രാജിവച്ചത്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും എംഎല്‍എയുമായ എം.പി രേണുകാചാര്യ രാജിയെ കുറിച്ച് ആലോചിക്കുകയാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചു. ബിജെപി സര്‍ക്കാർ ഭരിക്കുന്ന സംസ്ഥാനത്ത് പാർട്ടി പ്രവര്‍ത്തകർ സുരക്ഷിതരല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. ജൂലൈ 26ന് ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെയ്ക്ക് സമീപം നെട്ടാരുവിൽ വച്ചാണ് രണ്ടംഗസംഘം ബിജെപി-യുവമോർച്ച നേതാവിനെ രണ്ടംഗസംഘം വെട്ടിക്കൊലപ്പെടുത്തി.
ചൊവ്വാഴ്‌ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. പ്രവീണിനെ ബൈക്കിലെത്തിയ രണ്ട് അക്രമികൾ ചേർന്ന് മൂർച്ചയേറിയ ആയുധങ്ങളുപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പ്രവീണിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് പലയിടത്തും വ്യാപക പ്രതിഷേധം നടക്കുകയാണ്.
കഴിഞ്ഞ ദിവസം പ്രവീണിന്‍റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലിനെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ബിജെപി-യുവമോര്‍ച്ച നേതാവിന്‍റെ കൊലപാതകത്തിന് പിന്നാലെ സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് രാജിവച്ച നേതാക്കള്‍ ഇവരാണ്-
ഗംഗവതി: ഗംഗാവതിയില്‍ ബിജെപി സിറ്റി യൂത്ത് യൂണിറ്റ് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാജിവച്ചു. ഗംഗവതി സിറ്റി യൂണിറ്റ് യുവമോര്‍ച്ച പ്രസിഡന്‍റ് കെ വെങ്കടേഷ് സിറ്റി യൂണിറ്റ് പ്രസിഡന്‍റ് കാശിനാഥ് ചിത്രഗാരക്ക് രാജിക്കത്ത് കൈമാറി. പാർട്ടി അധികാരത്തിലുണ്ടെങ്കിലും പ്രവര്‍ത്തകര്‍ക്ക് സംരക്ഷണമില്ലെന്നും കുറ്റവാളികള്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്ന വാഗ്‌ദാനം വാക്കിലൊതുങ്ങുകയാണെന്നും ആരോപിച്ചാണ് കെ വെങ്കടേഷ് രാജി സമര്‍പ്പിച്ചത്.
മൈസൂര്‍: മൈസൂരില്‍ എൻആർ മണ്ഡലം യുവമോർച്ച പ്രസിഡന്‍റ് ഉള്‍പ്പെടെ നാല് അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ചു. പ്രസിഡന്‍റ് ഡി ലോഹിത്, ജനറൽ സെക്രട്ടറിമാരായ ധനരാജ്, നവീൻ ഷെട്ടി, സെക്രട്ടറിമാരായ എം രാജു, ജി അരുൺ എന്നിവരാണ് രാജി വച്ചത്. പ്രവീണിന്‍റെ കൊലപാതകം ബിജെപി യുവജന സംഘത്തിന് നികത്താനാകാത്ത നഷ്‌ടമാണ് സൃഷ്‌ടിച്ചത്. കണ്‍മുൻപിൽ വച്ച് നടന്ന കൊലപാതകങ്ങളില്‍ എത്രത്തോളം നീതി ലഭിച്ചോയെന്നത് നേരത്തെ വ്യക്തമാണ്. കർശന നടപടിയെടുക്കുമെന്നത് വാഗ്‌ദാനമായി മാത്രം നിലനിൽക്കുന്നതിനാലാണ് രാജിവയ്ക്കുന്നതെന്നും നേതാക്കള്‍ രാജിക്കത്തില്‍ പറഞ്ഞു.
ബെലഗാവ്: ബെലഗാവിലും ബിജെപി ഭാരവാഹികള്‍ കൂട്ടമായി രാജിവച്ചു. ബിജെപി സമൂഹ മാധ്യമ സംഘത്തിലെ അംഗമായ അവിനാഷ് ഹിരേമത്ത് രാജിക്കത്ത് ഫേസ്ബുക്കിൽ പങ്കുവച്ചു. മുന്‍പ് ഹിന്ദു അനുകൂല പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ നിങ്ങൾ സ്വീകരിച്ച 'കടുത്ത നടപടി' ഞങ്ങള്‍ക്ക് മുന്നിലുണ്ട്. നിങ്ങൾ എന്ത് കർശനമായ നടപടിയാണ് സ്വീകരിച്ചത്, അതിനാൽ രാജിവയ്ക്കുകയാണെന്നും രാജിക്കത്തില്‍ പറയുന്നു.
ബഗലകോട്ട്: പ്രവീണിന്‍റെ കൊലപാതകത്തെ അപലപിച്ച് ബഗലക്കോട്ട് ജില്ലയിലും ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രാജി വച്ചു. എംഎൽഎ സിദ്ദു സവാദിയുടെ മകൻ വിദ്യാധര സവാദി യുവമോർച്ച ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. ബഗലകോട്ട് ബിജെപി ജില്ല പ്രസിഡന്‍റ് ശാന്ത് ഗൗഡ പാട്ടീലിന് രാജിക്കത്ത് കൈമാറിയ വിദ്യാധര സവാദി ഫേസ്ബുക്കിൽ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് കുറിപ്പ് പങ്കുവച്ചു.
ദാവൻഗരെ: ദാവന്‍ഗരെയില്‍ നിരവധി യുവമോർച്ച പ്രവർത്തകർ ബിജെപി ജില്ല പ്രസിഡന്‍റ് വിരേഷ് ഹനഗവാടിക്ക് രാജിക്കത്ത് കൈമാറി. ബിജെപി പാർട്ടിയിൽ ഒരു പ്രവർത്തകനും സംരക്ഷണം ഇല്ലെന്നിരിക്കെ യുവമോർച്ചയിൽ പ്രവര്‍ത്തിക്കുന്നതില്‍ അര്‍ഥമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദാവന്‍ഗരെയിലെ പ്രവര്‍ത്തകരുടെ രാജി. യുവമോർച്ച ജില്ല പ്രസിഡന്‍റ് ആർ.എൽ ശിവപ്രകാശ്, ജില്ലയിലെ എട്ട് മണ്ഡലം പ്രസിഡന്‍റുമാര്‍ ഉൾപ്പെടെ എല്ലാ ഭാരവാഹികളും രാജി നല്‍കിയിട്ടുണ്ട്.
ചിത്രദുർഗ: ചിത്രദുര്‍ഗയില്‍ ജില്ല സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റിൽ നിന്ന് രമേശ് ഗൂളിഹട്ടി രാജിവച്ചു. പ്രവീണിന്‍റെ കൊലപാതകത്തില്‍ പങ്കുള്ള എല്ലാവരേയും പിടികൂടി ശിക്ഷിക്കണമെന്ന് രമേശ് ഗൂളിഹട്ടി ആവശ്യപ്പെട്ടു.
കല്‍ബുർഗി: കൊലപാതകത്തെ അപലപിച്ച് കലബുറഗിയിൽ ഹിന്ദു സംഘടന പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ഹിന്ദു ജാഗരിതി സേന സംഘടനയുടെ നേതൃത്വത്തിൽ പ്രവർത്തകർ എസ്‌വിപി സർക്കിളിൽ പ്രതിഷേധ പ്രകടനം നടത്തുകയും സംസ്ഥാന സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു. സംസ്ഥാനത്ത് ബിജെപി സർക്കാർ അധികാരത്തില്‍ വന്നാലും ഹിന്ദുത്വ സംഘടന പ്രവർത്തകരുടെ കൊലപാതകം തടയാനാകില്ലെന്നും പ്രവർത്തകരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.