ഫത്തേപ്പൂര്‍ (ഉത്തര്‍ പ്രദേശ്): കൂട്ട മതപരിവര്‍ത്തന കേസില്‍ ഒളിവിലായിരുന്ന കോളേജ് പ്രൊഫസറെ അറസ്റ്റ് ചെയ്‌ത് ഉത്തര്‍ പ്രദേശ് പൊലീസ്. സാം ഹിഗ്ഗിന്‍ബോതം കാര്‍ഷിക ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാലയിലെ പ്രൊഫസര്‍ ഇംതിയാസാണ് ലഖ്‌നൗവില്‍ വെള്ളിയാഴ്‌ച അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
കഴിഞ്ഞ വര്‍ഷം ഫത്തേപ്പൂരിലെ സദര്‍ കോട് വാളി മേഖലയില്‍ കൂട്ട മത പരിവര്‍ത്തന പരിപാടി സംഘടിപ്പിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായിരുന്നു പ്രൊഫസര്‍ ഇംതിയാസ്. കേസില്‍ ക്രിമിനല്‍ നടപടി ചട്ടം സെക്ഷന്‍ 82 പ്രകാരം ഹാജരാകാന്‍ കോടതി നോട്ടീസ് നല്‍കിയിരുന്നെങ്കിലും പ്രൊഫസര്‍ വഴങ്ങിയിരുന്നില്ല. തുടര്‍ന്നാണ് കോട്‌വാളി പോലീസും സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ടീമും ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലൂടെ ഇന്നലെ ഇയാളെ പിടികൂടിയത്.
2022 ഏപ്രില്‍ 14 നായിരുന്നു സദര്‍ കോട്‌വാളിയിലെ ഹരിഹര്‍ ഗഞ്ചില്‍ ഒരു പള്ളിയില്‍ കൂട്ട മത പരിവര്‍ത്തന പരിപാടി സംഘടിപ്പിച്ചത്. സംഭവമറിഞ്ഞ നാട്ടുകാര്‍ വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗ്‌ദള്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. നിരവധി പേര്‍ മതപരിവര്‍ത്തന പരിപാടിയില്‍ പങ്കെടുത്തതായി അറിഞ്ഞതോടെ പള്ളി പരിസരത്ത സംഘര്‍ഷം ഉടലെടുത്തു.
പൊലീസും എസ്‌ഡിഎമ്മും ഉള്‍പ്പെടെയുള്ളവര്‍ കിണഞ്ഞു ശ്രമിച്ചിട്ടും സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ കൂടുതല്‍ പൊലീസിനെ രംഗത്തിറക്കിയാണ് അന്ന് സ്ഥിതി ഗതികള്‍ നിയന്ത്രിച്ചത്. പള്ളിക്കകത്ത് സംഘടിച്ചിരുന്ന 55 പേരെ അന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്‌തതിന്‍റെ അടിസ്ഥാനത്തില്‍ കൂട്ട മതപരിവര്‍ത്തനത്തിന് കോട്‌വാളി പൊലീസ് കേസെടുത്തിരുന്നു.
കേസിലുള്‍പ്പെട്ട 26 പേര്‍ക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു. ഇവരില്‍ 15 പേര്‍ക്കെതിരെ ഇപ്പോഴും കേസ് നിലവിലുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് പിടികിട്ടാനുള്ളവരുടെ പട്ടികയിൽ ഉള്‍പ്പെട്ടയാളായിരുന്നു പ്രൊഫസര്‍ ഇംതിയാസ്. അഡീഷണല്‍ എസ്‌പി വിജയ് ശങ്കര്‍ മിശ്രയാണ് പ്രൊഫസര്‍ ഇംതിയാസിന്‍റെ അറസ്റ്റ് വാര്‍ത്ത സ്ഥിരീകരിച്ചത്.
പ്രണയം നടിച്ച് മകളെ നിർബന്ധിത മതപരിവർത്തനം നടത്തിയതായി പിതാവ്: അടുത്തിടെ പ്രണയം നടിച്ച് മകളെ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന ആരോപണവുമായി പിതാവ് രംഗത്തെത്തിയിരുന്നു. തിരുവല്ല സ്വദേശിയായ പിതാവാണ് കണ്ണൂരുകാരനായ മുസ്‌ലിം യുവാവ് മകളെ തട്ടിക്കൊണ്ടുപോയെന്നും മതപരിവർത്തനം നടത്തി വിവാഹം കഴിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്‌തത്.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി നൽകിയെങ്കിലും പൊലീസ് നടപടി എടുത്തില്ലെന്നും പിതാവ് ആരോപിച്ചു. ചെന്നൈയിൽ പഠിക്കുന്ന തിരുവല്ല സ്വദേശിയായ പെണ്‍കുട്ടിയെ ജൂൺ എട്ടിനാണ് കാണാതായത്. പൊതുവെ ദിവസം രണ്ടും മൂന്നും തവണ വീട്ടിലേക്ക് വിളിക്കുന്ന പെൺകുട്ടി വിളിക്കാതായാതോടെ പിതാവ് ഹോസ്റ്റലിൽ അന്വേഷണം നടത്തിയപ്പോഴാണ് എട്ടാം തിയതി തന്നെ ഹോസ്റ്റലിൽ നിന്ന് പോയെന്ന് അറിഞ്ഞത്.
എട്ടാം തിയതി രാത്രി 7.45നാണ് പെൺകുട്ടി അവസാനമായി വീട്ടുകാരെ ബന്ധപ്പെട്ടത്. പിന്നീട് ഒൻപതാം തിയതി ഫഹദ് എന്ന കോളർ ഐഡിയിൽ നിന്നും വീട്ടുകാർക്ക് ഒരു ഓഡിയോ സന്ദേശം ലഭിച്ചു. ഇതിന് പിന്നാലെയാണ് 'ലൗ ജിഹാദ്' ആരോപണവുമായി പിതാവ് പൊലീസിൽ പരാതി നൽകിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതാണെന്ന് കാട്ടി പത്തനംതിട്ട എസ്‌പി, തിരുവല്ല ഡിവൈഎസ്‌പി എന്നിവർക്ക് പരാതി നൽകിയെങ്കിലും സംഭവത്തിൽ മൊഴി പോലും രേഖപ്പെടുത്താതെ ഡിവൈഎസ്‌പി അടക്കമുള്ളവർ മൗനം പാലിക്കുകയായിരുന്നുവെന്നും ഹർജിക്കാരൻ ആരോപിച്ചു.
READ MORE: 'പ്രണയം നടിച്ച് മകളെ നിർബന്ധിത മതപരിവർത്തനം നടത്തി'; ഹേബിയസ് കോർപ്പസ് ഫയൽ ചെയ്‌ത് പിതാവ്