ന്യൂഡൽഹി: കാറിൽ ഒറ്റയ്‌ക്ക് സഞ്ചരിക്കുമ്പോഴും മാസ്‌ക് ധരിക്കണമെന്ന് ഡൽഹി ഹൈക്കോടതി. മാസ്‌ക് ധരിക്കാത്തതിന് പിഴ ചുമത്തുന്നത് ചോദ്യം ചെയ്‌ത നാല് അഭിഭാഷകരുടെ ഹർജികൾ ഹൈക്കോടതി തള്ളി. പൊതുസ്ഥലങ്ങളിൽ കാറിൽ ഒറ്റയ്‌ക്ക് സഞ്ചരിക്കുമ്പോഴും മാസ്‌ക് ധരിക്കണമെന്നും, കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുകയാണെന്നും കോടതി പറഞ്ഞു. അഭിഭാഷകരുടെ കടമ സാധാരണക്കാരെ അപേക്ഷിച്ച് വളരെ വലുതാണെന്നും കോടതി നിർദേശിച്ചു.
മുതിർന്ന പൗരന്മാരും മറ്റ് ഗുരുതര രോഗങ്ങളുള്ളവരും മാസ്‌ക് ധരിക്കണമെന്നും, വാക്‌സിനേഷൻ എടുക്കുമ്പോൾ പോലും എല്ലാവരും മാസ്‌ക് ധരിക്കണമെന്നും ഡോക്‌ടർമാർ നിർദേശിക്കുന്നു. സ്വകാര്യ വാഹനത്തിലോ ഔദ്യോഗിക വാഹനത്തിലോ സഞ്ചരിക്കുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന നിയമം ഡൽഹി സർക്കാർ ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. കാറിൽ ഒറ്റയ്‌ക്ക് പോകുമ്പോൾ മാസ്‌ക് ധരിക്കാത്തതിന് പൊലീസ് 500 രൂപ പിഴ ഈടാക്കിയതായി കാണിച്ച് അഭിഭാഷകനായ സൗരബ് ശർമയാണ് കോടതിയെ സമീപിച്ചത്.