ന്യൂഡല്‍ഹി: വിപണിയിലിറക്കിയ മൂന്ന് മോഡലുകളിലുള്‍പ്പെട്ട കാറുകള്‍ തിരിച്ചുവിളിച്ച് പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. വാഗണ്‍ ആര്‍, സെലേറിയോ, ഇഗ്‌നിസ് എന്നീ മൂന്ന് മോഡലുകളിലെ 9,925 യൂണിറ്റുകളാണ് കമ്പനി തിരിച്ചുവിളിച്ചത്. ഈ വർഷം ഓഗസ്‌റ്റ് മൂന്നിനും സെപ്‌റ്റംബർ ഒന്നിനുമിടയില്‍ നിര്‍മിച്ച കാറുകളില്‍ പിറകിലെ ബ്രേക്കിലെ അസംബ്ലി പിന്‍ തകര്‍ന്നേക്കാമെന്നും പ്രത്യേക ശബ്‌ദമുണ്ടാക്കാമെന്നും മനസിലാക്കി തകരാർ പരിഹരിക്കുന്നതിനാണ് തിരിച്ചുവിളിക്കുന്നതെന്നും കമ്പനി പ്രസ്‌താവനയില്‍ വ്യക്തമാക്കി.
സുദീര്‍ഘമായ ഉപയോഗത്തിലൂടെ ഇത് ബ്രേക്കിന്‍റെ പ്രകടനത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്നും ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് യൂണിറ്റുകള്‍ തിരികെ വിളിച്ചതെന്നുമാണ് കമ്പനിയുടെ വിശദീകരണം. കേടുപാട് കണ്ടെത്തിയ ഭാഗം സൗജന്യമായി മാറ്റി നല്‍കുമെന്നും പകരം ഉപയോഗിക്കുന്നതിനുള്ള ഭാഗങ്ങള്‍ ക്രമീകരിക്കുകയാണെന്നും കമ്പനി അറിയിച്ചു. ഇതിനായി മാരുതി സുസുക്കിയുടെ അംഗീകൃത വർക്ക്‌ഷോപ്പുകള്‍ ഉപഭോക്താക്കളെ ബന്ധപ്പെടുമെന്നും പരിശോധനയ്‌ക്ക് ശേഷം ആവശ്യമെങ്കില്‍ വാഹനത്തില്‍ അറ്റകുറ്റപ്പണികൾ നടത്തുമെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിർമാതാക്കളായ മാരുതി സുസുക്കി ഇത് ആദ്യമായല്ല വിപണിയിലിറക്കിയ വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നത്. അടുത്തിടെ സെപ്‌തംബര്‍ 16 ന് സീറ്റ് ബെല്‍റ്റുകളിലുണ്ടായ തകരാർ പരിഹരിക്കാൻ മെയ് നാലിനിടയില്‍ വിപണിയിലിറക്കിയ 5,002 ലൈറ്റ് കൊമേഴ്‌ഷ്യൽ വാഹനങ്ങൾ കമ്പനി സ്വമേധയാ തിരിച്ചുവിളിച്ചിരുന്നു. 2022 ഫെബ്രുവരി വരെയുള്ള കണക്കുകളില്‍ മാരുതി സുസുക്കിക്ക് ഇന്ത്യൻ പാസഞ്ചർ കാർ വിപണിയിൽ 44.2 ശതമാനം വിപണി വിഹിതമുണ്ട്.