പട്‌ന : ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്‍റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ രണ്ടാം ദിവസവും ബിഹാർ നിയമസഭ നടപടികൾ അലങ്കോലമാക്കി ബിജെപി അംഗങ്ങൾ. രാവിലെ 11 മണിക്ക് സഭ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതിപക്ഷ അംഗങ്ങൾ നിയമസഭ നടുത്തളത്തിലിറങ്ങി ബഹളം വച്ചത്. ഇതിനിടെ രണ്ട് ബിജെപി എംഎൽഎമാരെ സ്‌പീക്കർ പുറത്താക്കുകയും ചെയ്‌തു.
പ്രതിപക്ഷ നേതാവ് വിജയ് കുമാർ സിൻഹയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. നടുത്തളത്തിലുള്ള എംഎൽഎമാർ അവരവരുടെ ഇരിപ്പിടങ്ങളിലേക്ക് മടങ്ങാതെ ഒരു പ്രസ്‌താവനയും നടത്താൻ അനുവദിക്കില്ലെന്ന് സ്‌പീക്കർ അവധ് ബിഹാരി ചൗദരി വിജയ് കുമാർ സിൻഹക്ക് താക്കീത് നൽകിയെങ്കിലും ബിജെപി എംഎൽഎമാർ പ്രതിഷേധം തുടരുകയായിരുന്നു.
'കഴിവില്ലാത്ത മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കണം' എന്ന് തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായാണ് ബിജെപി എംഎൽഎമാർ പ്രതിഷേധം നടത്തിയത്. ഇതിനിടെ സഹ എംഎൽഎമാരായ ജിബേഷ് കുമാറിനെയും, കുമാർ ശൈലേന്ദ്രയെയും പുറത്താക്കിയതിൽ പ്രതിഷേധിച്ച് എല്ലാ ബിജെപി അംഗങ്ങളും വാക്കൗട്ട് നടത്തി.
ഇതിന് പിന്നാലെ പാർലമെന്‍ററി കാര്യ മന്ത്രി വിജയ് കുമാർ ചൗധരി ബിജെപി അംഗങ്ങളെ വിമർശിച്ച് പ്രസ്‌താവന നടത്തി. മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ക്ഷമതയുള്ളവരാണെന്നും അംഗങ്ങൾ ഉന്നയിക്കുന്ന എല്ലാ പ്രശ്‌നങ്ങളിലും മറുപടി നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ മുതൽ പ്രതിപക്ഷ അംഗങ്ങൾ അക്രമകരമായ നടപടികളാണ് സഭയ്‌ക്കുള്ളിൽ നടത്തുന്നത്. കസേര അടിച്ച് തകർക്കുകയും മേശ മറിച്ചിടാൻ ശ്രമിക്കുകയും ചെയ്‌തത് ജനാധിപത്യ മര്യാദകളോട് അവർക്ക് യാതൊരു ബഹുമാനവുമില്ലെന്നാണ് കാണിക്കുന്നത്. ഒരു പക്ഷേ, തങ്ങളുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലാണെന്ന് തിരിച്ചറിഞ്ഞ് അവർ നിരാശയിലായിരിക്കാം.
സ്‌പീക്കർ സഭയുടെ സംരക്ഷകനാണ്. സർക്കാർ സ്വത്തുക്കൾ നശിപ്പിക്കുന്ന ഇത്തരം സംഭവങ്ങൾ തടയാൻ ചെയർ നടപടിയെടുക്കണം. സർക്കാർ അതിന് പൂർണ പിന്തുണ നൽകും.' വിജയ് കുമാർ ചൗധരി പറഞ്ഞു. അതേസമയം സഭയുടെ പവിത്രതയ്‌ക്ക് കോട്ടം തട്ടുന്ന ഒരു നടപടിയും വെച്ചുപൊറുപ്പിക്കാനാകില്ലെന്നും നിയമ ലംഘനം നടത്തിയ ചില അംഗങ്ങളെ പുറത്താക്കണമെന്നും സ്‌പീക്കർ പറഞ്ഞു.
ഇന്നലെ ഒരു അംഗം കസേര എടുത്ത് തറയിൽ അടിച്ചതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്നും സ്‌പീക്കർ കൂട്ടിച്ചേർത്തു. അതേസമയം സ്‌പീക്കർ സർക്കാരിന്‍റെ ഉപകരണമായി മാറിയെന്ന് വിജയ് കുമാർ സിൻഹയുടെ നേതൃത്വത്തിലുള്ള ബിജെപി അംഗങ്ങൾ സഭയ്‌ക്ക് പുറത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
'ജനങ്ങളുടെ യഥാർഥ ആവശ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. എന്നാൽ ചെയർ സർക്കാരിന്‍റെ ഉപകരണമായി മാറിയിരിക്കുകയാണ്. എന്നിരുന്നാലും ഞങ്ങൾ തളരുന്നില്ല. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത് ഇനിയും തുടരും.' പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു.
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം സഭയില്‍ പ്രതിഷേധമുയര്‍ത്തിയത്. കുറ്റപത്രം നൽകിയ മന്ത്രിയെ എങ്ങനെ തുടരാൻ അനുവദിക്കുമെന്നും അതിനാൽ തേജസ്വി യാദവ് രാജി വയ്‌ക്കണമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.