ഹൈദരാബാദ് : ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം സാമ്പത്തികമായി മെച്ചപ്പെടാന്‍ കാരണമായ മാര്‍ഗദര്‍ശി ചിട്ടിയുടെ 60-ാം വാര്‍ഷികം റാമോജി ഫിലിം സിറ്റിയില്‍ ആഘോഷിച്ചു. ചെയർമാൻ റാമോജി റാവു, മാനേജിങ് ഡയറക്‌ടർ ഷൈലജ കിരൺ, ഈനാട് എംഡി കിരൺ, റാമോജി റാവുവിന്‍റെ കുടുംബാംഗങ്ങൾ, കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു. 60 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നല്‍കുന്ന ആറ് പതിറ്റാണ്ട് നീണ്ട ചരിത്രത്തിന്‍റെ വിജയയാത്ര,ചടങ്ങില്‍ ദൃശ്യരൂപത്തില്‍ അവതരിപ്പിച്ചു.
വെറും രണ്ട് ജീവനക്കാരുമായി 1962ല്‍ സ്ഥാപിതമായ മാര്‍ഗദര്‍ശി ചിട്ടി ഇപ്പോള്‍ 4,300 ജീവനക്കാരടക്കം 108 ബ്രാഞ്ചുകളില്‍ എത്തിനില്‍ക്കുന്നു. കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമേ തമിഴ്‌നാട്ടിലും മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവയ്‌ക്കാന്‍ കമ്പനിക്ക് സാധിച്ചു.
കമ്പനിയുടെ സേവനങ്ങള്‍ 61-ാം വര്‍ഷത്തിലേയ്‌ക്ക് ചുവടുവയ്‌ക്കുന്ന വേളയില്‍ ചെയര്‍മാന്‍ റാമോജി റാവു ജീവനക്കാര്‍ക്കും വിജയത്തില്‍ പങ്കാളികളായ മറ്റുള്ളവര്‍ക്കും നന്ദി അര്‍പ്പിക്കുകയും കേക്ക് മുറിച്ച് സന്തോഷം പങ്കുവയ്‌ക്കുകയും ചെയ്‌തു. തുടര്‍ന്നും വിജയത്തിന്‍റെ പടവുകള്‍ കയറാന്‍ കമ്പനിയോട് റാമോജി റാവു നിര്‍ദേശിച്ചു. മാര്‍ഗദര്‍ശിയെ കൈപിടിച്ചുയര്‍ത്തിയ റാമോജി റാവുവിന് എംഡി ഷൈലജ കിരണ്‍ നന്ദി അറിയിച്ചു.