ന്യൂഡല്‍ഹി: മാര്‍ഗദര്‍ശി ചിട്ടി ഫണ്ട് കേസില്‍ ആന്ധ്രാപ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതിയില്‍ തിരിച്ചടി. കേസില്‍ മാര്‍ഗദര്‍ശി ചിട്ടി ഫണ്ട് കമ്പനി ഉടമകളായ റാമോജി റാവുവിനും ശൈലജ കിരണിനുമെതിരെ കര്‍ശനമായ നടപടികളെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ആന്ധ്ര സര്‍ക്കാരിന് വിമര്‍ശനം. കേസില്‍ തെലങ്കാന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകളില്‍ ഇടപെടാനും സുപ്രീംകോടതി വിസമ്മതിച്ചു.
മാത്രമല്ല സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ട് സ്‌പെഷ്യല്‍ ലീവ് പെറ്റീഷനുകളും കോടതി തള്ളി. ആന്ധ്രാപ്രദേശ് സിഐഡി എടുത്ത തെലങ്കാന ഹൈക്കോടതിയുടെ നിയമപരമായ അധികാര പരിധി ചോദ്യം ചെയ്‌ത ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി തന്നെയായിരുന്നു കോടതി ഹര്‍ജികള്‍ തള്ളിയത്. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തെലങ്കാന ഹൈക്കോടതിയിൽ തന്നെ തീർപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
ഹര്‍ജി എന്തിന്: നിയമപരമായ അധികാര പരിധിയാണ് കേസിലെ പ്രധാന വിഷയം. അതുകൊണ്ടുതന്നെ ഇടക്കാല ഉത്തരവുകള്‍ ചോദ്യം ചെയ്‌തുള്ള ഹര്‍ജികള്‍ തള്ളുന്നതാണ് നല്ലതെന്ന് തങ്ങള്‍ കരുതുന്നതായി ജസ്‌റ്റിസ് ജെ.കെ മഹേശ്വരി, ജസ്‌റ്റിസ് കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ഹര്‍ജിയിലെ കാര്യങ്ങള്‍ പരിഗണിച്ച് ഹൈക്കോടതി തന്നെ ഉചിതമായ നടപടി എടുക്കുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും ബെഞ്ച് അറിയിച്ചു.
പ്രത്യേക സാഹചര്യങ്ങള്‍ ഉണ്ടാവുന്ന പക്ഷം പരാതിക്കാരായ ആന്ധ്രാപ്രദേശ് സര്‍ക്കാരിന് ഈ കോടതിയിലേക്ക് വരാമെന്നും ഈ സമയത്ത് അധികാരപരിധിയെ ചോദ്യം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി. എന്നാല്‍ നിലിവിലെ സാഹചര്യത്തില്‍ ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ ഹര്‍ജി നിഷ്‌ഫലമാണെന്നും കോടതി അറിയിച്ചു.
ഇതുപോലുള്ള കേസുകളില്‍ ഉണ്ടാവാറുള്ള നോട്ടിസുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും, അങ്ങനെ നോട്ടിസുകളുണ്ടെങ്കില്‍ തങ്ങള്‍ വാദം കേള്‍ക്കാമെന്നും ജസ്‌റ്റിസ് മഹേശ്വരി അറിയിച്ചു. എന്നാല്‍ കേസിലെ എല്ലാ പ്രതികള്‍ക്കും നോട്ടിസ് അയക്കാമെന്ന് ആന്ധ്ര സര്‍ക്കാരിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിങ് വ്യക്തമാക്കി. ഈ സമയം ഇടപെട്ട ജസ്‌റ്റിസ് മഹേശ്വരി ട്രാന്‍സ്‌ഫര്‍ പെറ്റീഷന്‍ തീര്‍പ്പുകല്‍പ്പിക്കാതെ മാറ്റാമെന്നും ഇടക്കാല ഉത്തരവിലുള്ള അവശേഷിക്കുന്ന രണ്ട് ഹര്‍ജികളിലേക്ക് കടക്കാമെന്നും അറിയിക്കുകയായിരുന്നു.
അനുവദിനീയമെങ്കില്‍ പിന്നീട് പരിഗണിക്കാം: ഇതിനിടെ, ഇത് നിയമപരമായ അധികാരപരിധിയുമായി ബന്ധപ്പെട്ട കേസായതിനാൽ നിങ്ങള്‍ അവിടെ നല്‍കിയ കേസില്‍ അനുവദിനീയമാണെങ്കില്‍ നിങ്ങളുടെ വാദങ്ങള്‍ മെറിറ്റ് അടിസ്ഥാനത്തില്‍ അവതരിപ്പിക്കാന്‍ ജസ്‌റ്റിസ് കെ.വി വിശ്വനാഥനും അറിയിച്ചു. തെലങ്കാന ഹൈക്കോടതിയില്‍ കേസ് നടക്കുമെന്ന് പറഞ്ഞില്ലായിരുന്നോ?. അവിടെ കേസ് തള്ളിയാല്‍ മറ്റ് ചോദ്യങ്ങളൊന്നും വേണ്ട. ഹര്‍ജി അനുവദിനീയമാണെങ്കില്‍, നിയമപരമായ അധികാരപരിധിയിലുള്ള നിങ്ങളുടെ വാദങ്ങള്‍ അറിയിക്കാന്‍ ഇങ്ങോട്ടുവരാം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാദ പ്രതിവാദങ്ങള്‍ ഇങ്ങനെ: ഈ സമയത്ത് മാര്‍ഗദര്‍ശിക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്‌ഗി ഇടപെട്ട്, ഈ കേസിലെ ചില എഫ്‌ഐആറുകളുമായി ബന്ധപ്പെട്ട് ഇതിനോടകം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്ന് കോടതിയെ ധരിപ്പിച്ചു. എന്നാല്‍ എഫ്‌ഐആറുമായി ബന്ധപ്പെട്ട് കുറ്റപത്രം സമര്‍പ്പിച്ചുണ്ടെന്നും ആന്ധ്രാപ്രദേശിലെ വിചാരണ കോടതിയാണ് കുറ്റങ്ങൾ നിശ്ചയിക്കുകയെന്നും ആന്ധ്രാപ്രദേശ് സര്‍ക്കാരിനായി തന്നെ ഹാജരായ മറ്റൊരു അഭിഭാഷകന്‍ നീരജ് കിഷന്‍ കൗള്‍ അറിയിച്ചു. എഫ്‌ഐആറുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും ആന്ധ്രാപ്രദേശുമായി ബന്ധമുള്ളവയാണെന്നും അതുകൊണ്ട് എങ്ങനെ തെലങ്കാന ഹൈക്കോടതിക്ക് ഇതില്‍ ഇടപെടാനാവുമെന്നും അദ്ദേഹം ചോദിച്ചു.
എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ ബെഞ്ചിലെ രണ്ട് ജഡ്‌ജിമാരും വിസമ്മതിച്ചു. ഈ കേസ് അനുസരിച്ച് ചിട്ടി ഫണ്ട് കമ്പനിയുടെ ചില ഓഫിസുകള്‍ ആന്ധ്രാപ്രദേശിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ശേഖരിക്കുന്ന ഫണ്ട് ഹൈദരാബാദിലുള്ള പ്രധാന ഓഫിസിലേക്ക് മാറ്റുകയും, അവിടെ നിന്നും നിരവധി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യുന്നതായി പറയുന്നു. അതുകൊണ്ട് ഇത് ചെറിയൊരു കേസല്ല എന്ന് ജസ്‌റ്റിസ് മഹേശ്വരി കൂട്ടിച്ചേര്‍ത്തു.