ന്യൂഡൽഹി: പെഗാസസ് റിപ്പോർട്ടിനെതിരെ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് കോൺഗ്രസ് എംപി മനീഷ് തിവാരി. പെഗാസസ് വിവാദം വളരെ ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയ തിവാരി, നിലവിലെ റിപ്പോട്ടുകൾ പ്രകാരം കേന്ദ്ര സർക്കാർ ഇസ്രയേൽ ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ് വാങ്ങിയതായും ആരോപിച്ചു.
എൻഎസ്‌ഒ ഗ്രൂപ്പിന്‍റെ നയപ്രകാരം കമ്പനിയുടെ ഉപഭോക്താക്കൾ പരിശോധിക്കപ്പെട്ട സർക്കാരുകളിൽ മാത്രമായി ഒതുങ്ങുന്നു. ഇത് സൂചിപ്പിക്കുന്നത് സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്നത് മറ്റേതെങ്കിലും സ്വകാര്യ സ്ഥാപനമല്ലെന്നും കേന്ദ്ര സർക്കാർ തന്നെയാണെന്നുമാണ്. സിറ്റിസൺ ലാബ് പോലുള്ള പ്രമുഖ ഏജൻസികളിൽ ഹാക്ക് ചെയ്യപ്പെട്ട കമ്പ്യൂട്ടറുകളിൽ ഈ സ്‌പൈവെയർ കണ്ടെത്തിയതായും അദ്ദേഹം അടിയന്തര പ്രമേയത്തിൽ വ്യക്തമാക്കി.
READ MORE: " റിപ്പോർട്ടുകൾ ശരിയെങ്കില്‍ പെഗാസസ് ആരോപണങ്ങൾ ഗുരുതരം": കേസ് ആഗസ്റ്റ് 10ന് വീണ്ടും പരിഗണിക്കും
വർഷകാല സമ്മേളനം ആരംഭിച്ചത് മുതൽ പ്രതിപക്ഷം വിവിധ വിഷയങ്ങൾ ഉന്നയിച്ച് പാർലമെന്‍റിന്‍റെ ഇരുസഭകളും തുടർച്ചയായി നീട്ടിവയ്‌ക്കേണ്ടി വന്നിരുന്നു. പെഗാസസ് ചോർത്തൽ, കർഷക പ്രതിഷേധം, കൊവിഡ് 19 തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം നിരന്തരമായി സഭയിൽ ഉന്നയിക്കുകയാണ്. ജൂലൈ 19ന് ആരംഭിച്ച മൺസൂൺ സെഷൻ ഓഗസ്റ്റ് 13 വരെ നീണ്ടുനിൽക്കും.