ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഇഡി റിമാന്‍ഡില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ റിമാന്‍ഡ് അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. അതേസമയം സിസോദിയയുടെ കുടുംബത്തിന്‍റെയും ഭാര്യയുടെയും ചികിത്സ ചെലവിന് ആവശ്യമായ തുക പിന്‍വലിക്കാനുള്ള ചെക്കില്‍ ഒപ്പിടാന്‍ കോടതി അനുമതി നല്‍കി. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ന് സിസോദിയയെ ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയിരുന്നു.
മുന്‍ എക്‌സൈസ് കമ്മിഷണര്‍ രാഹുല്‍ സിങ്, ദിനേശ് അറോറ, അമിത് അറോറ മുന്‍ സെക്രട്ടറി സി അരവിന്ദ് എന്നീ പ്രതികളുമായി സിസോദിയ കൂടിക്കാഴ്‌ച നടത്തിയിരുന്നതായും അന്വേഷണ ഏജന്‍സി വെളിപ്പെടുത്തി. സിസോദിയയുടെ ഇ മെയില്‍ വിവരങ്ങളും മൊബൈല്‍ ഫോണും മറ്റും ഫോറന്‍സിക് പരിശോധിച്ച് വരികയാണെന്നും ഇഡി കോടതിയെ അറിയിച്ചു. അതേസമയം റിമാന്‍ഡ് കാലാവധി നീട്ടുന്നതിനെ സിസോദിയയുടെ അഭിഭാഷകന്‍ എതിര്‍ത്തു.
ഇഡി കേസും സിബിഐ കേസും ഒന്നിച്ച്: കേസില്‍ ഇഡി പുതിയ കണ്ടെത്തലുകൾ കോടതിയിൽ സമർപ്പിക്കുകയും അഞ്ച് ദിവസത്തേക്ക് കൂടുതൽ റിമാൻഡ് ആവശ്യപ്പെടുകയും ചെയ്‌തു. അദ്ദേഹത്തിന്‍റെ കസ്റ്റഡിയിൽ നിർണായക വിവരങ്ങൾ പുറത്തുവന്നതായി അന്വേഷണ ഏജൻസി അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം ഇഡി നേരത്തെ സിസോദിയയെ അറസ്റ്റ് ചെയ്‌തിരുന്നു. ഇതേ കേസിൽ ഫെബ്രുവരി 26 ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്‌തതിനെ തുടര്‍ന്ന് തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു സിസോദിയ.
സിസോദിയയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇഡി കഴിഞ്ഞയാഴ്‌ച റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതേ ദിവസം തന്നെ ജാമ്യം ആവശ്യപ്പെട്ടുള്ള സിസോദിയയുടെ ഹര്‍ജിയും കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പിന്നത്തേക്ക് മാറ്റി.
കേസിൽ ഇഡി 13,000 പേജുള്ള കുറ്റപത്രം സമർപ്പിക്കുകയും 11 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. അതേസമയം സിബിഐ ഇതുവരെ നാല് പേരെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്. സിബിഐ കസ്റ്റഡിയിലുള്ള മൂന്ന് പേർക്ക് ജാമ്യം ലഭിച്ചെങ്കിലും ഇഡി അറസ്റ്റ് ചെയ്‌ത ആർക്കും ഇതുവരെ ജാമ്യം ലഭിച്ചില്ല. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മറ്റൊരു എഎപി മന്ത്രി സത്യേന്ദർ ജെയിനെ ഇഡി നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.
പാര്‍ട്ടി ആവശ്യങ്ങള്‍ക്ക് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തു: അതേസമയം വ്യാഴാഴ്‌ച സിസോദിയയ്‌ക്കെതിരെ സിബിഐ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ഡൽഹി സർക്കാരിന്‍റെ ഫീഡ്ബാക്ക് യൂണിറ്റ് ഉപയോഗിച്ച് പാര്‍ട്ടി താത്‌പര്യങ്ങള്‍ക്ക് വേണ്ടി സിസോദിയ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തു എന്നാണ് സിബിഐയുടെ ആരോപണം. വിജിലൻസ് സെക്രട്ടറിയായി സേവനമനുഷ്‌ഠിച്ച ഐആർഎസ് ഉദ്യോഗസ്ഥൻ സുകേഷ് കുമാർ ജെയിൻ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ പ്രത്യേക ഉപദേഷ്‌ടാവ്, എഫ്ബിയുവിൽ ജോയിന്‍റ് ഡയറക്‌ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന വിരമിച്ച സിഐഎസ്എഫ് ഡിഐജി രാകേഷ് കുമാർ സിൻഹ എന്നിവർക്കെതിരെയും സിബിഐ കേസെടുത്തിട്ടുണ്ട്.
സിസോദിയയെ ദീർഘകാലം കസ്റ്റഡിയിൽ വയ്ക്കാൻ വേണ്ടി നിരവധി കള്ളക്കേസുകൾ ചുമത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയിട്ടിരിക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.