ഇംഫാൽ : മണിപ്പൂരിൽ സംഘർഷം തുടരുന്നു. ബിഷ്‌ണുപൂർ ജില്ലയിൽ നടന്ന വെടിവയ്‌പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായും അഞ്ച് പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. അജ്‌ഞാതരായ തോക്കുധാരികളുടെ ആക്രമണത്തിൽ ഗ്രാമത്തിന് കാവൽ നിന്നിരുന്നവർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ശനിയാഴ്‌ച രാത്രി ഒരു താത്‌കാലിക ബങ്കറിന് സന്നദ്ധപ്രവർത്തകർ കാവൽ നിൽക്കുന്ന സമയത്താണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു.
മണിക്കൂറുകളോളം നീണ്ടുനിന്ന വെടിവയ്‌പ്പിൽ മൂന്നു പേർ കൊല്ലപ്പെടുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയുമായിരുന്നു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. വെടിവയ്‌പ്പിനെ തുടർന്ന് മുഖ്യമന്ത്രി ബിരേൻ സിങ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
also read : Manipur Violence | മണിപ്പൂരിലുണ്ടായ വെടിവയ്‌പ്പില്‍ സ്‌ത്രീ മരിച്ചു ; സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്
തീയിടൽ, വെടിവയ്‌പ്പ്, മണിപ്പൂർ കത്തുന്നു : മെയ് മാസത്തിൽ പട്ടികവിഭാഗ സംവരണവുമായി ബന്ധപ്പെട്ട മണിപ്പൂരിലെ മെയ്‌തി, കുക്കി വിഭാഗങ്ങൾ തമ്മിൽ വംശീയ കലാപം ഉടലെടുക്കുകയായിരുന്നു. കലാപത്തിൽ ഇതുവരെ 100 ലധികം പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. മെയ്‌തി സമുദായത്തെ പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടുത്തി ഹൈക്കോടതി വിധി വരികയും ഇതിനെ എതിർത്ത് ഓൾ ട്രൈബൽ സ്‌റ്റുഡൻസ് യൂണിയൻ രംഗത്തുവന്നതുമാണ് മാസങ്ങളായി നീണ്ടു നിൽക്കുന്ന കലാപത്തിന്‍റെ തുടക്കം.
മെയ് മൂന്നിനായിരുന്നു സംഘർഷം ആരംഭിച്ചത്. പ്രദേശത്ത് സ്ഥിതി വഷളായതോടെ തൊട്ടടുത്ത ദിവസം സംസ്ഥാനത്ത് ആർട്ടിക്കിൾ 355 പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. വീടുകൾക്കും വാഹനങ്ങൾക്കും തീയിടുന്നതും വെടിവയ്‌പ്പും ഉൾപ്പടെ മണിപ്പൂരിൽ നിലവിൽ സംഘർഷാന്തരീക്ഷമാണുള്ളത്. കലാപത്തെ തുടർന്ന് സംസ്ഥാനത്ത് നിന്ന് നിരവധി പേർ പലായനം ചെയ്‌തിരുന്നു.
കഴിഞ്ഞ ദിവസം കാങ്‌പോങ്‌പി ജില്ലയിൽ അത്യാധുനിക ആയുധങ്ങളുമായെത്തിയ ആക്രമികൾ നടത്തിയ വെടിവയ്‌പ്പിൽ ഒരു സ്‌ത്രീ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. അതിനിടെ ഇംഫാൽ ജില്ലയിലെ പൊതുജനങ്ങൾക്ക് രാവിലെ അഞ്ച് മുതൽ വൈകിട്ട് ആറ് വരെ അവരുടെ വസതികൾക്ക് പുറത്തേക്ക് പോകുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പിൻവലിച്ചു. മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ രാജ്യത്തിന് പുറത്തുനിന്നുള്ള ശക്തികളുടെ പങ്കുണ്ടാകാമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍കൂട്ടി ആസൂത്രണം ചെയ്‌ത കാര്യങ്ങളാണ് ഇപ്പോള്‍ സംസ്ഥാനത്ത് അരങ്ങേറുന്നതെന്ന സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ ബിരേൻ സിങ് പദ്ധതിയിടുകയും പിന്നീട് അതിൽ നിന്ന് പിന്മാറുകയും ചെയ്‌തിരുന്നു.