ന്യൂഡല്‍ഹി: കലാപഭൂമിയായ മണിപ്പൂരില്‍ സമാധാനം വീണ്ടെടുക്കാന്‍ കര്‍ശന നടപടികളെടുത്ത് സുപ്രീംകോടതി. ഇതിന്‍റെ ഭാഗമായി മണിപ്പൂരില്‍ സമാശ്വാസമെത്തിക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും മേല്‍നോട്ട സമിതിക്ക് സുപ്രീംകോടതി രൂപം നല്‍കി. ഡല്‍ഹി ഹൈക്കോടതി ജഡ്‌ജിയായിരുന്ന മലയാളിയായ ജസ്‌റ്റിസ് ആശ മേനോന്‍ അടക്കം മൂന്ന് റിട്ടയേര്‍ഡ് വനിത ഹൈക്കോടതി ജഡ്‌ജിമാരടങ്ങിയതാണ് സമിതി.
ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സുപ്രീംകോടതി ബഞ്ചിന്‍റേതാണ് തീരുമാനം. മണിപ്പൂരിലെ വംശീയ കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു സുപ്രീംകോടതി പ്രശ്‌നത്തില്‍ സുപ്രധാന ഇടപെടലുകള്‍ നടത്തിയത്. ജമ്മു കശ്‌മീര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്‌റ്റിസായിരുന്ന ഗീത മിത്തലിന്‍റെ നേതൃത്വത്തിലുള്ള സമിതിയില്‍ ജസ്‌റ്റിസ് ആശ മേനോന് പുറമേ മുന്‍ മുംബൈ ഹൈക്കോടതി ജഡ്‌ജി റിട്ടയേര്‍ഡ് ജസ്‌റ്റിസ് ശാലിനി പി ജോഷിയും അംഗമാണ്.
സമിതിയുടെ ദൗത്യം: റിട്ടയേര്‍ഡ് വനിത ഹൈക്കോടതി ജഡ്‌ജിമാരടങ്ങിയ സംഘം മണിപ്പൂരിലെ മനുഷ്യത്വപരമായ വിഷയങ്ങളാവും പരിശോധിക്കുക. വംശീയ കലാപത്തിന്‍റെ മുറിവുണങ്ങാത്ത മണിപ്പൂരില്‍ അടിയന്തര സഹായം എത്തിക്കാനും പുനരധിവാസം ഉറപ്പാക്കാനും വംശീയ പ്രശ്‌നത്തിന് പരിഹാരം കാണുകയുമാണ് റിട്ടയേര്‍ഡ് ജഡ്‌ജിമാരടങ്ങിയ സംഘത്തിന്‍റെ ദൗത്യം.
അന്വേഷണം 'പുറത്ത്' ഉള്ളവരെ കൊണ്ട്: മണിപ്പൂരിലെ അക്രമ സംഭവങ്ങളും കലാപവും ലൈംഗിക അതിക്രമങ്ങളും അന്വേഷിക്കുന്ന സിബിഐ സംഘത്തില്‍ മണിപ്പൂരിന് പുറത്തുനിന്നുള്ള ഓഫിസര്‍മാരെ ഉള്‍പ്പെടുത്തണമെന്ന് ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. സിബിഐ അന്വേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ റിട്ടയേര്‍ഡ് ഐപിഎസ് ഓഫിസറെ നിയോഗിക്കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കി. പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ഡിഐജിമാരെ പരിഗണിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. നേരത്തേ കലാപം അന്വേഷിക്കാന്‍ ജില്ല പൊലീസ് സുപ്രണ്ടുമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിക്കാന്‍ മണിപ്പൂര്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
മണിപ്പൂരില്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ട കേസുകള്‍ സുപ്രീംകോടതി ഇടപെടില്ലെന്ന് ചീഫ് ജസ്‌റ്റിസ് വ്യക്തമാക്കി. അതേസമയം നിയമവാഴ്‌ചയില്‍ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കുറഞ്ഞത് ഡിവൈഎസ്‌പി റാങ്കിലുള്ള അഞ്ചോ ആറോ ഓഫിസര്‍മാരെ സിബിഐ അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പരമോന്നത നീതിപീഠം നിര്‍ദേശിച്ചു. ഇങ്ങിനെ ഉള്‍പ്പെടുത്താനുള്ള ഓഫിസര്‍മാരെ സുപ്രീംകോടതി കണ്ടെത്തിയിട്ടുണ്ട്.
ഇവര്‍ പൂര്‍ണമായും സിബിഐയുടെ ഭരണപരമായ നിയന്ത്രണത്തിലാവും പ്രവര്‍ത്തിക്കുക. സിബിഐ ജോയിന്‍റ് ഡയറക്‌ടറുടെ കീഴിലാവും ഇവര്‍ പ്രവര്‍ത്തിക്കുകയെന്നും സുപ്രീംകോടതി അറിയിച്ചു. രണ്ട് വനിതകളെ നഗ്നരാക്കി നടത്തിച്ചതടക്കം പതിനൊന്ന് ബലാത്സംഗക്കേസുകളും ലൈംഗിക പീഡനക്കേസുകളുമാണ് സിബിഐ അന്വേഷിക്കുന്നത്.
സ്ഥിതിഗതികള്‍ വിലയിരുത്തി: ഇതിനുപുറമേ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ മണിപ്പൂര്‍ സര്‍ക്കാര്‍ നിയോഗിച്ച 42 പ്രത്യേക അന്വേഷണ സംഘങ്ങളുടെ അന്വേഷണ മേല്‍നോട്ടത്തിന് മഹാരാഷ്ട്ര മുന്‍ ഡിജിപി ദത്താത്രേയ പഡ്‌സാല്‍ഗിക്കറെ കോടതി ചുമതലപ്പെടുത്തി. ഓരോ പ്രത്യേക അന്വേഷണ സംഘത്തിലും മണിപ്പൂരിന് വെളിയില്‍ നിന്നുള്ള ഇന്‍സ്‌പെക്‌ടര്‍മാര്‍ നേതൃത്വം നല്‍കണം. ഇതിനുള്ള ഉത്തരവ് സുപ്രീംകോടതി പ്രത്യേകം പുറപ്പെടുവിക്കും.
കലാപം നിയന്ത്രണ വിധേയമാക്കാന്‍ ഇതേവരെ കൈക്കൊണ്ട നടപടികള്‍ വിശദീകരിക്കാന്‍ മണിപ്പൂര്‍ ഡിജിപി രാജീവ് സിങ് സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കാന്‍ ജില്ലാതലത്തില്‍ പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചതായി മണിപ്പൂര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി വിധി പറയാന്‍ മാറ്റി.
സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സ്ഥിതി വിവരക്കണക്ക് പ്രകാരം കലാപവുമായി ബന്ധപ്പെട്ട് ആകെ രജിസ്‌റ്റര്‍ ചെയ്‌ത 6500 കേസുകളില്‍ 11 എഫ്ഐആര്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ടതാണ്. ഈ 11 കേസുകളില്‍ ഏഴ് അറസ്‌റ്റുകളാണ് ഇതേവരെ നടന്നിട്ടുള്ളത്. കലാപത്തില്‍ 150 മരണം സംഭവിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. മെയ് മൂന്നിനും അഞ്ചിനുമിടയില്‍ 59 മരണവും മെയ് 27 നും മെയ് 29 നുമിടയില്‍ 28 മരണവും റിപ്പോര്‍ട്ട് ചെയ്‌തു. 5000 കൊള്ളിവെപ്പ് കേസുകളുണ്ടായി. 502 പേര്‍ക്ക് അക്രമങ്ങളില്‍ പരിക്കേറ്റു.