ന്യൂഡല്‍ഹി: മണിപ്പൂരിലെ വീഡിയോ കേസില്‍ അന്വേഷണം സിബിഐക്ക് കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സ്‌ത്രീകളെ വിവസ്‌ത്രരാക്കി തെരുവിലൂടെ നടത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവത്തിലാണ് സര്‍ക്കാര്‍ അന്വേഷണം അന്വേഷണ ഏജന്‍സിയായ സിബിഐക്ക് കൈമാറിയത്. മാത്രമല്ല കേസില്‍ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ വെള്ളിയാഴ്‌ച സുപ്രീംകോടതിയെ സമീപിക്കും.
പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വൈകാതെ തന്നെ സംഭവം ചിത്രീകരിച്ചയാളെ പൊലീസ് അറസ്‌റ്റ് ചെയ്യുകയും മൊബൈല്‍ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്‌തു. മാത്രമല്ല വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കണമെന്ന് ട്വിറ്റര്‍ ഉള്‍പ്പടെയുള്ളവരോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. കൂടാതെ സംസ്ഥാനത്ത് ക്രമസമാധാന നില പുനഃസ്ഥാപിക്കുന്നതിനായി മെയ്‌തി, കുക്കി വിഭാഗങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചർച്ചകൾ നടത്തിയതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
എന്നാല്‍ സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ യോഗം സംഘടിപ്പിക്കരുതെന്ന് വിവിധ മെയ്‌തി സംഘടനകളോട് ഉള്‍പ്പടെ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിരുന്നുവെങ്കിലും കോര്‍ഡിനേഷന്‍ കമ്മിറ്റി ഓണ്‍ മണിപ്പൂര്‍ ഇന്‍റഗ്രിറ്റി (സിഒസിഒഎംഐ) തങ്ങള്‍ മുന്‍നിശ്ചയിച്ച റാലിയുമായി മുന്നോട്ടുപോകുമെന്ന് വ്യാഴാഴ്‌ച അറിയിച്ചിരുന്നു. മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന തീവ്രവാദികൾക്ക് സംസ്ഥാനത്ത് നടക്കുന്ന അക്രമസംഭവങ്ങളിൽ പങ്കുണ്ട് എന്ന വസ്‌തുതയെ ചൂണ്ടിക്കാണിച്ചുള്ള റാലി സംഘടിപ്പിക്കാൻ അനുവദിക്കണമെന്ന് തങ്ങള്‍ പ്രാദേശിക ഭരണകൂടത്തോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചതെന്ന് സിഒസിഒഎംഐ കൺവീനർ അത്തൗബ ഇടിവി ഭാരതിനോട് അറിയിച്ചിരുന്നു.
സഭകള്‍ പ്രക്ഷുബ്‌ധം: പാര്‍ലമെന്‍റ് സമ്മേളനം ആരംഭിച്ചത് മുതല്‍ തന്നെ മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും പ്രക്ഷുബ്‌ധമായിരുന്നു. എന്നാല്‍ മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്നും പ്രതിപക്ഷം ചര്‍ച്ചയ്‌ക്ക് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്നറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാക്കളോട് സംവാദത്തിന് തയ്യാറാവണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നുവെന്നും ഈ വിഷയത്തിൽ രാജ്യത്തിന് മുന്നിൽ സത്യം പുറത്തുവരേണ്ടത് പ്രധാനമാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ സഭയ്‌ക്കകത്ത് പ്രതിപക്ഷ ബഹളം നടക്കുന്നതിനാല്‍ അമിത് ഷായ്‌ക്ക് തന്‍റെ പ്രസംഗം പോലും മുഴുവനാക്കാന്‍ കഴിഞ്ഞിരുന്നില്ല.
മാത്രമല്ല മണിപ്പൂരിലെ സംഭവവികാസങ്ങളെ ചൊല്ലി ലോക്‌സഭ തിങ്കളാഴ്‌ച പകല്‍ മാത്രം മൂന്നുതവണ നിര്‍ത്തിവയ്‌ക്കേണ്ടതായി വന്നിരുന്നു. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 2.30 ന് സഭ വീണ്ടും ചേര്‍ന്നപ്പോഴായിരുന്നു മണിപ്പൂര്‍ വിഷയത്തില്‍ ഭരണ പ്രതിപക്ഷ നേതാക്കള്‍ക്കിടയില്‍ ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നതായി അമിത് ഷാ അറിയിക്കുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം തന്നെ വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നതോടെ സ്പീക്കർ ഓം ബിർള സഭ നടപടികൾ നിർത്തിവയ്‌ക്കുന്നതായി അറിയിക്കുകയായിരുന്നു.