ഇംഫാൽ : സംഘർഷ ബാധിത പ്രദേശമായ മണിപ്പൂരിൽ ഇന്ന് ഉണ്ടായ വെടിവയ്‌പ്പിൽ ഒരു സ്‌ത്രീ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. സുരക്ഷ ഉദ്യോഗസ്ഥരുടെ വേഷം ധരിച്ചെത്തിയ ഒരു സംഘം വിമതർ ഗ്രാമവാസികൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. അക്രമം പൊട്ടിപ്പുറപ്പെട്ട കാങ്പോക്‌പിക്കിനും ഇംഫാൽ വെസ്റ്റ് ജില്ലയ്ക്കും ഇടയിലുള്ള ഖോക്കർ ഗ്രാമത്തിലാണ് വെടിവയ്‌പ്പ് ഉണ്ടായത്.
വിമതർ മെയ്തേയ് സമുദായത്തിൽ നിന്നുള്ളവരാണെന്നാണ് വിവരം. വെടിയൊച്ച കേട്ട് ഗ്രാമത്തിൽ പതിവ് പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷ സേന സ്ഥലത്തേക്കെത്തിയെങ്കിലും വിമത സംഘം അപ്പോഴേക്കും അവിടെ നിന്ന് കടന്നിരുന്നു. തുടർന്ന് പ്രദേശത്ത് മണിപ്പൂർ പൊലീസിന്‍റെയും അസം റൈഫിൾസിന്‍റെയും നേതൃത്വത്തിൽ സംയുക്‌തമായി തെരച്ചിലും നടത്തി.
അതേസമയം മണിപ്പൂർ കലാപം അന്വേഷിക്കാൻ സിബിഐ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട് ആറ് കേസുകളും സിബിഐ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണത്തിന് നേതൃത്വം നല്‍കും. നേരത്തെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌തിരുന്നു.
ജൂണ്‍ ആറിന് നടന്ന സംഘർഷത്തിൽ ഒരു ബിഎസ്‌എഫ് ജവാൻ കൊല്ലപ്പെടുകയും രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. മണിപ്പൂരിലെ കക്‌ചിങ് ജില്ലയിലെ സെറോ സുഗ്നു മേഖലയിൽ സുരക്ഷ സേനയും ഒരു സംഘം വിമതരും തമ്മിൽ ഏറ്റുമുട്ടലുണ്ടാവുകയും വിമതരുടെ സംഘം സുരക്ഷ സേനയ്‌ക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു.
അതേസമയം കലാപത്തിൽ ഇതുവരെ 100ഓളം പേർ കൊല്ലപ്പെട്ടതായാണ് വിവരം. 300ൽ അധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. 4000ൽ അധികം കേസുകളും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. അടുത്തിടെ സംഘർഷങ്ങൾക്ക് അയവ് വരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂർ സന്ദർശിച്ചിരുന്നു.
ALSO READ: മണിപ്പൂർ കലാപം: ഏറ്റുമുട്ടലിൽ ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു, 2 അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് പരിക്ക്
ആയുധങ്ങൾ താഴെവയ്ക്കണമെന്ന അമിത് ഷായുടെ അഭ്യർഥനക്ക് പിന്നാലെ 140 പേര്‍ ആയുധങ്ങൾ തിരികെ നൽകിയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സംഘർഷം നീണ്ട് നിൽക്കുന്ന സാഹചര്യത്തിൽ മണിപ്പൂരിൽ അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും രൂക്ഷമായിരിക്കുകയാണ്.
കലാപ കാരണം : കാലാകാലങ്ങളായി റിസര്‍വ് വനങ്ങള്‍ക്കുള്ളില്‍ താമസിക്കുന്ന ഗോത്ര വിഭാഗങ്ങളെ കുടിയിറക്കാനുള്ള ബിജെപി ഭരണകൂടത്തിന്‍റെ തീരുമാനമാണ് കലാപത്തിലേക്ക് നയിച്ചത്. ഭൂരിപക്ഷ വിഭാഗമായ മെയ്റ്റീസിന് പട്ടിക വര്‍ഗ പദവി കൂടി അനുവദിച്ചതോടെ ഉണ്ടായ പ്രക്ഷോഭങ്ങൾ കലാപത്തിലേക്ക് നീങ്ങുകയായിരുന്നു.
മെയ് മൂന്നിന് പട്ടികവർഗ പദവിക്ക് വേണ്ടിയുള്ള മെയ്റ്റീസ് സമുദായത്തിന്‍റെ ആവശ്യത്തിനെതിരെ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ 'ആദിവാസി ഐക്യദാർഢ്യ മാർച്ച്' സംഘടിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് മണിപ്പൂരിൽ 100ലധികം പേരുടെ ജീവനെടുത്ത വംശീയ സംഘർഷങ്ങൾ ഉണ്ടായത്.
റിസർവ് വനഭൂമിയിൽ നിന്ന് കുക്കി ഗ്രാമവാസികളെ ഒഴിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് വലിയ പ്രക്ഷോഭത്തിലേക്ക് എത്തിയത്. മണിപ്പൂരിൽ ക്രമസമാധാന പുനസ്ഥാപിക്കാൻ ഇന്ത്യൻ ആർമിയുടെയും അസം റൈഫിൾസിന്‍റെയും 10,000 അധികം സൈനികരെ വിന്യസിപ്പിച്ചിരുന്നു. മണിപ്പൂരിലേക്കുള്ള ട്രെയിനുകളും ഇന്‍റർനെറ്റ് സർവീസുകളും സർക്കാർ നിരോധിച്ചിരുന്നു.