ഇംഫാൽ: മണിപ്പൂരിനെ നടുക്കിയ വംശീയ കലാപത്തിൽ മേയ് ആദ്യം മുതൽ ഇതുവരെ 175 പേർ കൊല്ലപ്പെടുകയും 1108 പേർക്ക് പരിക്കേൽക്കുകയും 32 പേരെ കാണാതാവുകയും ചെയ്‌തതായി പോലീസ് അറിയിച്ചു (Manipur violence 175 killed in last four months). 4786 വീടുകൾക്ക് തീയിടുകയും 386 മതപരമായ കെട്ടിടങ്ങൾ നശിപ്പിക്കുകയും ചെയ്‌തു. മണിപ്പൂരില്‍ ഇത്തരത്തില്‍ പ്രതിസന്ധി നിറഞ്ഞ സമയത്ത് അതിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനായി പൊലീസും കേന്ദ്ര സേനയും സിവിൽ അഡ്‌മിനിസ്ട്രേഷനും രാപ്പകലില്ലാതെ ശ്രമിക്കുന്നുണ്ടെന്ന് പൊതുജനങ്ങൾക്ക് ഉറപ്പുനൽകാമെന്ന് ഐജിപി (Inspector-General of Police) ഐ കെ മുയ്വ വാർത്താസമ്മേളനത്തിനിടയില്‍ പറഞ്ഞു.
നഷ്‌ടപ്പെട്ട 1359 തോക്കുകളും 15050 വെടിക്കോപ്പുകളും കണ്ടെടുത്തതായി മുയ്വ പറഞ്ഞു. അക്രമത്തിനിടെ പോലീസിന്‍റെ നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കലാപകാരികൾ കൊള്ളയടിച്ചതായി പറയപ്പെടുന്നു. 5172 തീവെപ്പ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ 386 മതപരമായ കെട്ടിടങ്ങള്‍ അതില്‍ 254 പള്ളികളും 132 ക്ഷേത്രങ്ങളും നശിപ്പിച്ചതായി മുയ്വ പറഞ്ഞു.
ബിഷ്‌ണുപൂർ ജില്ലയിലെ ഫൗഗക്‌ചാവോ ഇഖായ് (Phougakchao Ikhai in Bishnupur district) മുതൽ ചുരാചന്ദ്പൂർ ജില്ലയിലെ കാങ്‌വായ് (Kangvai in Churachandpur district) വരെയുള്ള സുരക്ഷാ ബാരിക്കേഡുകൾ നീക്കം ചെയ്‌തിട്ടുണ്ടെന്നും (Security barricades have been removed) ദേശീയ പാതകളിൽ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരിച്ച 175 പേരിൽ ഒമ്പത് പേരെ ഇപ്പോഴും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് ഐജിപി കെ ജയന്ത പറഞ്ഞു. 79 മൃതദേഹങ്ങൾക്ക് അവകാശികളുണ്ട്, എന്നാല്‍ 96 മൃതദേഹങ്ങൾക്ക് അവകാശികളില്ല. RIMS, JNIMS (ഇംഫാലിലെ ആശുപത്രികൾ) എന്നിവിടങ്ങളിലായി യഥാക്രമം 28 ഉം 26 ഉം മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നും 42 പേർ ചുരാചന്ദ്പൂർ ആശുപത്രിയിലാണെന്നും അദ്ദേഹം അറിയിച്ചു.
9332 കേസുകൾ രജിസ്റ്റർ ചെയ്‌തതായും 325 പേരെ അറസ്റ്റ് ചെയ്‌തതായും ജയന്ത പറഞ്ഞു. അതേസമയം, NH-32, NH-2 എന്നിവ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഐജിപി നിഷിത് ഉജ്വൽ പറഞ്ഞു. മെയ് മൂന്നിന് വടക്കുകിഴക്കൻ സംസ്ഥാനത്തെ മെയ്തേയ് സമുദായത്തിന് പട്ടിക വർഗ പദവി ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ 'ആദിവാസി ഐക്യദാർഢ്യ മാർച്ച്' (Tribal Solidarity March) സംഘടിപ്പിച്ചപ്പോഴാണ് വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടത്. മണിപ്പൂരിലെ ജനസംഖ്യയുടെ ഏകദേശം 53 ശതമാനവും ഇംഫാൽ താഴ്‌വരയിലാണ് താമസിക്കുന്നത് അതേസമയം നാഗകളും കുക്കികളും ഉൾപ്പെടുന്ന ഗോത്രവർഗങ്ങളില്‍ 40 ശതമാനവും മലയോര ജില്ലകളിലാണ് താമസിക്കുന്നത്.
ALSO READ: സമാധാനം ഇനിയും അകലെ; ബിഷ്‌ണുപൂരിലുണ്ടായ ഏറ്റുമുട്ടലില്‍ 8 മരണം, എട്ടുപേര്‍ക്ക് പരിക്ക്
ALSO READ: 'ഇരകൾക്ക് നഷ്‌ടപ്പെട്ട രേഖകൾ വീണ്ടും നൽകണം'; വനിത ജഡ്‌ജിമാരുടെ റിപ്പോർട്ട് സുപ്രീം കോടതിയിൽ