ബൊക്കാറോ (ജാർഖണ്ഡ്): പതിറ്റാണ്ടുകളായി സ്‌ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിട്ടുള്ള ഒരു ക്ഷേത്രമുണ്ട് ജാർഖണ്ഡിൽ. ബൊക്കാറോ ആസ്ഥാനത്ത് നിന്ന് 40 കിലോമീറ്റർ അകലെയുള്ള കസ്‌മറിലെ മംഗള ചണ്ഡി ക്ഷേത്രത്തിലാണ് ഇന്നും സ്‌ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. രാജ്യമൊട്ടാകെയുള്ള ക്ഷേത്രങ്ങളിൽ നവരാത്രി ആഘോഷങ്ങൾ ഗംഭീരമായി നടക്കുമ്പോഴും ഇവിടെയെത്തുന്ന സ്‌ത്രീകൾ ക്ഷേത്രത്തിൽ നിന്ന് 100 മീറ്റർ മാറി നിന്നാണ് ആരാധന നടത്തുന്നത്.
ക്ഷേത്രത്തിൽ സ്‌ത്രീകൾക്ക് പ്രവേശിക്കാൻ അനുവാദമില്ലെന്നും ഇത് പതിറ്റാണ്ടുകളായി തുടർന്നുവരുന്ന ആചാരമാണെന്നുമാണ് ക്ഷേത്രത്തിലെ പൂജാരി പറയുന്നത്. ക്ഷേത്രത്തിലെത്തുന്ന സ്‌ത്രീകൾ ആരും തന്നെ ഈ നിയമത്തെ എതിർക്കുന്നില്ല. ദൂരെ നിന്ന് ആരാധിച്ചാലും തങ്ങളുടെ ആഗ്രഹങ്ങളെല്ലാം സഫലമാകുമെന്ന് അവർ വിശ്വസിക്കുന്നുവെന്നും പൂജാരി പറയുന്നു.
ക്ഷേത്രത്തിൽ വഴിപാട് നടത്തണമെങ്കിൽ പൂജാസാധനങ്ങൾ സ്‌ത്രീകൾ പുരുഷൻമാരുടെ കൈകളിലാണ് കൊടുത്തുവിടേണ്ടത്. അതേസമയം വർഷങ്ങൾക്ക് മുൻപ് ഒരു സ്‌ത്രീ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചുവെന്നും അന്ന് മുതൽ അവരുടെ മാനസിക നില തെറ്റിയെന്നുമുള്ള കഥകളും ഇവിടെ പ്രചാരത്തിലുണ്ട്. അതേസമയം പ്രവേശനം ഇല്ലെങ്കിൽ പോലും നൂറുകണക്കിന് സ്‌ത്രീകളാണ് എല്ലാ വർഷവും ഇവിടെ സന്ദർശനം നടത്തുന്നത്.