മംഗളൂരു : മുലപ്പാലിന്‍റെ അഭാവം മൂലം നവജാത ശിശുക്കള്‍ മരിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ മുലപ്പാല്‍ ബാങ്ക് സ്ഥാപിക്കാന്‍ ഒരുങ്ങി കർണാടകയിലെ സര്‍ക്കാര്‍ ആശുപത്രി. മംഗളൂരുവിലെ ലേഡി ഗോഷെൻ ആശുപത്രിയാണ് മുലപ്പാല്‍ ബാങ്ക് സ്ഥാപിക്കുന്നത്. മംഗളൂരു റോട്ടറി ക്ലബ്ബുമായി ചേർന്ന് 45 ലക്ഷം രൂപ ചെലവിലാണ് പദ്ധതി.
ദക്ഷിണ കന്നഡ ജില്ലയിലെ അറിയപ്പെടുന്ന സര്‍ക്കാര്‍ പ്രസവ ആശുപത്രിയാണ് ലേഡി ഗോഷെൻ. ഏഴ് ജില്ലകളിൽ നിന്നായി ആളുകള്‍ എത്തുന്ന ആശുപത്രിയില്‍ ഒരു മാസം 700 മുതൽ 750 വരെ പ്രസവങ്ങൾ നടക്കുന്നു. മാസം തികയാതെ ജനിച്ച ഭാരക്കുറവുള്ള കുഞ്ഞുങ്ങള്‍ക്കും ജനന സമയത്ത് അമ്മയെ നഷ്‌ടപ്പെട്ട കുഞ്ഞുങ്ങള്‍ക്കും മുലപ്പാല്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.
Also read: ഗതാഗത സൗകര്യമില്ല; ഗർഭിണിയെ എടുത്തുയർത്തി നദി മുറിച്ചുകടന്ന് ബന്ധുക്കൾ
മുലപ്പാലിൽ കൂടുതൽ ഇമ്യൂണോഗ്ലോബുലിൻ, പ്രോട്ടീൻ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. മുലപ്പാൽ നൽകുന്നത് പ്രതിരോധശേഷി വർധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കുമെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ദുർഗാപ്രസാദ് എം.ആർ പറഞ്ഞു.
നവജാതശിശുവുമായി ജൈവശാസ്ത്രപരമായി ബന്ധമില്ലാത്ത, മുലയൂട്ടുന്ന അമ്മമാർ ദാനം ചെയ്യുന്ന മുലപ്പാല്‍ ശേഖരിച്ച് കൃത്യമായ പ്രോസസിങ് നടത്തി (കുപ്പികളില്‍ ശേഖരിച്ച മുലപ്പാല്‍ ബാഗുകളിലേക്ക് മാറ്റി ദാനം ചെയ്യുന്നതിനായി ഫ്രീസ് ചെയ്യും) മുലപ്പാല്‍ ബാങ്കിലൂടെ വിതരണം ചെയ്യും.