മംഗളൂരു : ലോകായുക്ത റെയ്‌ഡിനിടെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ പിടിയിലായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നാല് വര്‍ഷം തടവും ഒരു കോടി രൂപ പിഴയും വിധിച്ച് മംഗളൂരു കോടതി. മംഗളൂരു മെട്രോ പൊളിറ്റൻ കോര്‍പറേഷനിലെ സീനിയർ സാനിറ്റേഷൻ ഇൻസ്‌പെക്‌ടര്‍ ശിവലിംഗ കൊണ്ടഗുളിക്കെതിരെയാണ് കോടതി ഉത്തരവ്. 2013ല്‍ നടന്ന പരിശോധനയ്‌ക്കിടെയാണ് ഇയാള്‍ക്ക് വരുമാനത്തില്‍ കവിഞ്ഞ സ്വത്തുണ്ടെന്ന് കണ്ടെത്തിയത്.
മംഗളൂരു മൂന്നാം അഡീഷണൽ ജില്ല സെഷൻസ് കോടതി ജഡ്‌ജി ബിബി ജകതിയുടേതാണ് (BB Jakati) വിധി. ഒരു കോടി രൂപ പിഴയടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി തടവ് അനുഭവിക്കണമെന്നും ഉത്തരവില്‍ പറയുന്നു. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്ന് 2013 ഫെബ്രുവരി 15നാണ് ശിവലിംഗയെ ലോകായുക്ത പൊലീസ് പിടികൂടിയത്.
1988ലെ കൈക്കൂലി നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. അന്നത്തെ ലോകായുക്ത ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഉമേഷ് ജി ഷേട്ടാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കർണാടക ലോകായുക്ത സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രവീന്ദ്ര മുന്നിപ്പാടി സർക്കാരിന് വേണ്ടി ഹാജരായി.