മാണ്ഡ്യ(കർണാടക): കാവിഷാൾ ധരിച്ചവരുടെ ജയ്‌ശ്രീറാം വിളികൾക്ക് താൻ അല്ലാഹു അക്‌ബർ (ദൈവം വലിയവൻ) എന്ന് മറുപടി നൽകുകയായിരുന്നുവെന്ന് മുസ്‌കാൻ ഖാൻ. ബുർഖ ധരിച്ചെത്തിയ രണ്ടാം വർഷ കൊമേഴ്‌സ് വിദ്യാർഥിക്ക് നേരെ ജയ്‌ശ്രീറാം വിളികളുമായി എത്തുന്ന വിദ്യാർഥി സംഘത്തിന്‍റെയും, അല്ലാഹു അക്‌ബർ എന്ന് മറുപടി നൽകുന്ന വിദ്യാർഥിയുടെയും ദൃശ്യം സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വൈറലായിരുന്നു.
മുസ്‌കാൻ ഖാന്‍റെ മറുപടി ഇങ്ങനെ
"അസൈൻമെന്‍റ് നൽകാനാണ് ഞാൻ കോളജിലേക്ക് പോയത്. ബുർഖ ധരിച്ചാണ് കോളജിലെത്തിയത്. എന്നാൽ എന്നെ അവർ തടയാൻ ശ്രമിച്ചു. കോളജിലെത്തിയ എന്നോട് ബുർഖ മാറ്റുവാൻ വിദ്യാർഥി സംഘം ആക്രോശിച്ചു. തുടർന്ന് എന്‍റെ നേരെ ജയ് ശ്രീറാം വിളിച്ചു. ആ സമയമാണ് ഞാൻ അല്ലാഹു അക്‌ബർ എന്ന് വിളിച്ചത്. ഇവരെ എനിക്ക് ഭയമില്ല. കോടതി ഉത്തരവ് പാലിക്കും. ഹിന്ദു വിശ്വാസികളായ സുഹൃത്തുക്കൾ ഹിജാബ് ധരിക്കുന്നതിനോട് അനുകൂലമാണ്. പുറത്തുനിന്ന് വന്നവരാണ് അവരാണ് പ്രശ്നമുണ്ടാക്കുന്നത്. ഞാൻ എന്‍റെ മതത്തെ പിന്തുടരുന്നു. അതുപോലെ അവർക്ക് അവരുടെ മതത്തെ പിന്തുടരാം".
പിഇഎസ് കോളജിൽ കാവി ഷാൾ ധരിച്ചെത്തിയവരാണ് പ്രതിഷേധം നടത്തിയത്. ഈ പ്രതിഷേധത്തിനിടെയാണ് ബുർഖ ധരിച്ച് പെൺകുട്ടി കടന്നുവരികയും പെൺകുട്ടിയുടെ നേരെ ആക്രോശിച്ചുകൊണ്ട് സംഘം മുന്നോട്ടു വന്നതും.
READ MORE: കർണാടകയില്‍ ഹിജാബ് ധരിച്ച വിദ്യാർഥിനിക്ക് നേരെ ആക്രോശിച്ച് കാവി ഷാള്‍ ധാരികള്‍