ജൽപായ്‌ഗുരി (പശ്ചിമ ബംഗാൾ): പരാജയം വിജയത്തിലേക്കുള്ള മുന്നോടിയാണെന്നാണ് പറയാറുള്ളത്. പലപ്പോഴും ഇത് പറയുമ്പോൾ ജീവിത വിജയം കൈവരിച്ച പലരെയും നാം ഉദാഹരണമായി ചൂണ്ടിക്കാട്ടാറുമുണ്ട്. പരാജയം അവസാന വാക്കല്ലെന്ന് മനസിലാക്കി അതിൽ നിന്ന് പാഠം പഠിച്ച് വിജയം കൈവരിച്ച് നിരവധി പേരുണ്ട് നമുക്ക് ചുറ്റും.
പരീക്ഷയിൽ തോറ്റാൽ ആത്മഹത്യയെ കുറിച്ച് പലരും ചിന്തിക്കുന്നത് പോലും പരാജയത്തെ നേരിടാനുള്ള ഭീതി കൊണ്ടാണ്. പരാജയം അവസാന വാക്കല്ല എന്ന് അടിവരയിട്ട് തെളിയിച്ച് പരിശ്രമത്തിലൂടെ വിജയം കൈവരിച്ച നിരവധി ആളുകൾ നമുക്ക് ചുറ്റും ഉണ്ട്.
അടിച്ചമർത്തപ്പെടുന്ന മനുഷ്യർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വയ്‌ക്കാൻ തീരുമാനമെടുത്ത് അതിനുവേണ്ടി മുന്നിട്ടിറങ്ങിയ ഗാന്ധിജി പരാജയങ്ങളിലൂടെ നടന്നെത്തിയ ആളാണ്. കോടിക്കണക്കിന് ആളുകളുടെ ജീവിതത്തെ മാറ്റിമറിച്ച കണ്ടുപിടിത്തങ്ങളുടെ രാജാവായ തോമസ് ആൽവ എഡിസൺ ബുദ്ധിയില്ലെന്ന് പറഞ്ഞ് അധ്യാപകർ മടക്കി അയച്ച ആളാണ്. ഇലക്ട്രിക് ബൾബ് കണ്ടുപിടിക്കാൻ അദ്ദേഹം നടത്തിയ 10000 പരീക്ഷണങ്ങളിൽ 9999ഉം അദ്ദേഹം പരാജയപ്പെട്ടിരുന്നു. പതിനായിരം മണ്ടത്തരങ്ങൾ തികയ്‌ക്കുമെന്ന സഹപ്രവർത്തകരുടെ പരിഹാസത്തെ ചാരമാക്കിക്കൊണ്ടായിരുന്നു എഡിസൻ നടത്തിയ പരീക്ഷണത്തിനൊടുവിൽ ബൾബ് കത്തിയത്. Laugh-O-Gram ഫിലിംസ് തകർന്ന് തരിപ്പണമായ ശേഷം പരാജയങ്ങളെ സധൈര്യം നേരിട്ടുകൊണ്ടാണ് വാൾട്ട് ഡിസ്‌നി രൂപപ്പെടുന്നത്.
ഇത്തരത്തിൽ പരാജയത്തെ ചവിട്ടുപടിയാക്കി വിജയത്തിലേക്ക് ഓടിക്കയറിയ ആളാണ് മഹാരാഷ്ട്രയിലെ ഉമേഷ് ഗൺപത് ഖണ്ഡബഹലെ എന്ന ഐപിഎസ് ഉദ്യോഗസ്ഥൻ. നിലവിൽ ജൽപായ്‌ഗുരിയിലെ പൊലീസ് സൂപ്രണ്ടായി സേവനമനുഷ്‌ഠിക്കുകയാണ് അദ്ദേഹം. ഹയർസെക്കൻഡറി ഇംഗ്ലീഷ് പരീക്ഷയ്‌ക്ക് 21 മാർക്ക് നേടിയ ആ കൗമാരക്കാരൻ പഠനം ഉപേക്ഷിച്ച് പിതാവിനൊപ്പം കൃഷിയിലേക്ക് ഇറങ്ങാൻ തീരുമാനിച്ചു. എന്നാൽ, നിശ്ചയദാർഢ്യവും മനക്കരുത്തും കൊണ്ട് ഇംഗ്ലീഷിൽ തന്നെ ബിരുദാനന്തര ബിരുദം നേടി യുപിഎസ്‌സിയിൽ വിജയിച്ച് അദ്ദേഹം ഐപിഎസ് ഓഫിസറായി.
2003ൽ ഹയർസെക്കൻഡറി പരീക്ഷയിൽ താൻ പരാജയപ്പെട്ടു എന്ന വെളിപ്പെടുത്തലിലൂടെ നിരവധി പേർക്ക് അദ്ദേഹം പ്രചോദനമായി മാറിയിരിക്കുകയാണ്. പരാജയം എല്ലാറ്റിന്‍റെയും അവസാനമല്ലെന്നും ഉറച്ച മനസ്സും ലക്ഷ്യവും നമ്മളെ വിജയത്തിലേക്ക് നയിക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്. ഒരു പരീക്ഷയിൽ പരാജയപ്പെടുന്നത് വിദ്യാർഥികൾക്ക് ലോകാവസാനമാകരുത്.
ഒരാൾക്ക് ശക്തമായ ഇച്ഛാശക്തിയും വിജയം നേടാനുള്ള ലക്ഷ്യവും ഉണ്ടായിരിക്കണം. പ്രതീക്ഷ ഒരിക്കലും നഷ്‌ടപ്പെടുത്തരുത്. കാരണം പരാജയം ജീവിതത്തിന്‍റെ ഭാഗമാണ്. അശ്രാന്തപരിശ്രമത്തിലൂടെ പരാജയത്തെ നമുക്ക് മറികടക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
എസ്‌ജി പബ്ലിക് സ്‌കൂളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഹയർസെക്കൻഡറി പരീക്ഷയിൽ തോറ്റതിനെ തുടർന്ന് രണ്ട് വർഷത്തേക്ക് പഠനത്തിൽ നിന്ന് ഇടവേളയെടുത്തു. 'പരീക്ഷയിൽ തോറ്റതിനെ തുടർന്ന് ഞാൻ അച്ഛനോടൊപ്പം കൃഷിപ്പണിക്കിറങ്ങി. പിന്നീട് അച്ഛന്‍റെ സുഹൃത്തുക്കളുടെ പ്രോത്സാഹനത്തോടെ മഹാരാഷ്‌ട്ര ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ ഞാൻ പഠനം പുനരാരംഭിച്ചു.'
സയൻസ് വിദ്യാർഥിയായിരുന്ന അദ്ദേഹം ആർട്‌സ് വിഭാഗത്തിലേക്ക് മാറി. ഇംഗ്ലീഷ് സാഹിത്യത്തിൽ അദ്ദേഹം ബിരുദം നേടിയത് വീട്ടിലിരുന്നാണ്. ഹോർട്ടികൾച്ചറിൽ ബിഎസ്‌സിയും. തുടർന്ന് ഇംഗ്ലീഷിൽ മാസ്റ്റേഴ്‌സും ചെയ്‌തു. പഠനം തുടരുന്നതിനിടെ പൊലീസ് പിഎസ്ഐ പരീക്ഷയും എഴുതി. അതോടെ ഐപിഎസ് പരീക്ഷ എഴുതി വിജയിക്കണമെന്ന ആഗ്രഹമായി. അതിന് വേണ്ടി പരിശ്രമിച്ചു. പരിശ്രമത്തിനൊടുവിൽ യുപിഎസ്‌സിയിൽ വിജയിച്ച് 704-ാം റാങ്ക് നേടിയെന്ന അദ്ദേഹത്തിന്‍റെ വാക്കുകൾ നിരവധി ആളുകൾക്ക് പ്രചോദനമാണ്. ഗ്രാമത്തിലെ ആദ്യത്തെ ഐപിഎസുകാരനാണ് അദ്ദേഹം.
വടക്കൻ ബംഗാളിലെ വിവിധ ജില്ലകളിൽ അദ്ദേഹം ജോലി ചെയ്‌തു. കൊച്ച്ബെഹാർ ജില്ലയിലെ ദിൻഹട്ടയുടെ SDPO ആയും 2020-ൽ അലിപുർദുവാർ ജില്ലയിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ആയും സേവനമനുഷ്‌ഠിച്ചു. ഈ മാസമാണ് ജൽപായ്‌ഗുരിയിലെ പൊലീസ് സൂപ്രണ്ടായി അദ്ദേഹം ജോയിൻ ചെയ്‌തത്.