ന്യൂഡൽഹി: തട്ടിക്കൊണ്ടുപോകൽ, കവർച്ച തുടങ്ങിയ 100ഓളം കേസുകളിൽ പ്രതി ചേർക്കപ്പെട്ട 49 കാരനെ റോഹ്തക്കിൽ നിന്ന് അറസ്റ്റ് ചെയ്‌ത് ഡൽഹി പൊലീസ്. നരേഷ് സിംഗ് എന്നയാളാണ് പിടിയിലായത്. കിഴക്കൻ ഡൽഹിയിൽ തോക്ക് ചൂണ്ടി കവർച്ച നടത്തിയ സംഘത്തിലെയും ഭാഗമാണ് പിടിക്കപ്പെട്ട നരേഷ് സിംഗെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ഷക്കർപൂർ പ്രദേശത്ത് വച്ച് ഒരു ജ്വല്ലറി ഷോപ്പ് ഉടമയെയാണ് ഇയാളും സംഘവും ചേർന്ന് കൊള്ളയടിച്ചത്. സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് കവർന്നെടുക്കുന്നതിനിടെ കത്തി, തോക്ക് എന്നിവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് ഇവർ കവർച്ച നടത്തിയത്.
സംഭവത്തിൽ രണ്ട് പ്രതികളെ സെൻട്രൽ ഡൽഹിയിലെ കരോൾ ബാഗിൽ നിന്ന് കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്‌തിരുന്നു. തുടർന്ന് ഒളിവിലായിരുന്ന നരേഷിന് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു പൊലീസ് സംഘം. രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നരേഷ് സിംഗിനെ പിടികൂടിയത്. ഇയാളുടെ പക്കൽനിന്നും വെടിയുണ്ടകളും നാടൻ തോക്കും പിടിച്ചെടുത്തിട്ടുണ്ട്.