ബെംഗളൂരു: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ മർദിച്ച് യുവതിയുടെ രക്ഷകരായി രണ്ട് ട്രാൻസ്‌ജെൻഡറുകൾ. ബെംഗളൂരുവിലെ വിവേകനഗറിലാണ് രണ്ട് ട്രാൻസ്‌ജെൻഡറുകൾ ചേർന്ന് യുവതിയെ രക്ഷപ്പെടുത്തിയത്. യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പശ്ചിമ ബംഗാൾ സ്വദേശി മസുറൽ ഷെയ്‌ഖിനെ വിവേകനഗർ പൊലീസ് അറസ്റ്റ് ചെയ്‌തു.
വിവേകനഗറിൽ താമസിച്ചിരുന്ന പശ്ചിമ ബംഗാൾ സ്വദേശിനിക്കാണ് മസുറൽ ഷെയ്‌ഖിൽ നിന്ന് ദുരനുഭവം നേരിട്ടത്. ബെംഗളുരുവിൽ ജോലി തേടി എത്തിയതാണ് യുവതി. ഇവർ താമസിക്കുന്ന സ്ഥലത്ത് പ്രതി രണ്ട് മൂന്ന് ദിവസമായി കറങ്ങുകയും യുവതി ഒറ്റക്കാണ് താമസിക്കുന്നതെന്ന് മനസിലാക്കുകയും ചെയ്‌തു. തുടർന്ന് ജൂലൈ രണ്ടിന് പുലർച്ചെ യുവതിയുടെ വാതിലിൽ മുട്ടുകയും വാതിൽ തുറക്കുന്നതിനിടെ പ്രതി യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
യുവതി നിലവിളിക്കുന്ന ശബ്‌ദം കേട്ട് മുകളിലത്തെ ഫ്ലാറ്റിൽ താമസിച്ചിരുന്ന ട്രാൻസ്‌ജെൻഡർ മഹിറ സിങ്ങും സുഹൃത്തും എത്തി വാതിൽ തകർത്ത് അകത്തു കയറി. തുടർന്ന് പ്രതിയെ മർദിച്ച് യുവതിയെ രക്ഷിച്ച ശേഷം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഹോട്ടൽ ജോലിക്കായാണ് പ്രതി മസുറൽ ഷെയ്‌ഖ് ബെംഗളൂരുവിൽ എത്തിയത്.
സന്ദർഭോചിതമായ ഇടപെടലിലൂടെ യുവതിയെ രക്ഷിച്ച ട്രാൻസ്‌ജെൻഡറുകൾക്ക് വലിയ രീതിയിലുള്ള അഭിനന്ദനമാണ് വിവിധ ഭാഗങ്ങളിൽ നിന്നും ലഭിക്കുന്നത്.