മുംബൈ : നവവധുവായ ഭാര്യക്കൊപ്പം വിനോദയാത്ര പോകാനുള്ള ചെലവുകൾക്കായി ബൈക്കുകൾ മോഷ്‌ടിച്ച യുവാവും കൂട്ടാളികളും പിടിയിൽ. മഹാരാഷ്‌ട്രയിലെ താനെ സ്വദേശിയായ ദീപക് സൽഗരെയും അഞ്ച് കൂട്ടാളികളുമാണ് പൊലീസ് പിടിയിലായത്. ഭാര്യയുമായി യാത്രകൾ പോകുന്നതിനായി ഏകദേശം പതിനഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന വാഹനങ്ങളാണ് ഇയാൾ പല സ്ഥലങ്ങളിൽ നിന്നായി മോഷ്‌ടിച്ചത്.
കഴിഞ്ഞ കുറച്ചുകാലങ്ങളായി മാൻപാഡയിലും പരിസര പ്രദേശങ്ങളിലും ബൈക്കുകൾ മോഷണം പോകുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നു. തുടർന്ന് പ്രതികളെ കണ്ടെത്താൻ പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
ഇതിനിടെയാണ് ദീപക് സൽഗരെ പിടിയിലാവുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭാര്യയെ വിനോദയാത്രക്ക് കൊണ്ടുപോകുന്നതിനായാണ് മോഷണം നടത്തിയിരുന്നതെന്ന് പ്രതി സമ്മതിച്ചത്. മോഷ്‌ടിക്കുന്ന ബൈക്കുകൾ വിറ്റ് കിട്ടുന്ന പണം ഇത്തരത്തിൽ ഉപയോഗിച്ച് തീർക്കുമെന്നും ഇയാൾ മൊഴി നൽകി.
ALSO READ: അഞ്ചലില്‍ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
മോഷ്‌ടിച്ച ബൈക്കുകൾ ചിൻമുൻ ചൗഹാൻ എന്നയാൾ മുഖേന ഇയാൾ വിൽപ്പന നടത്തുകയായിരുന്നു. രേഖകൾ പിന്നീട് ലഭിക്കും എന്ന് പറഞ്ഞായിരുന്നു ഇയാൾ ബൈക്കുകൾ വിറ്റിരുന്നത്.
ദീപക് സൽഗരെയുടെ കൂട്ടാളികളായ അഞ്ച് പ്രതികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. കൂടാതെ മോഷണം പോയ ബൈക്കുകളിൽ ചിലതും, 8.24 ലക്ഷം രൂപ വിലമതിക്കുന്ന മറ്റ് വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.