റായ്ബറേലി: ഉത്തർ പ്രദേശിലെ റായ്ബറേലി ജില്ലയിൽ കാണാതായ ഭാര്യയെ കുറിച്ച് ചോദിച്ചതിന് യുവാവിനെ തീകൊളുത്തി യുവതി (Man Set On Fire By Woman In UP). അനിൽ പാണ്ഡെ എന്നയാള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. റീമ പാണ്ഡെ എന്ന യുവതിയാണ് അനിലിനെ ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
മൂന്ന് ദിവസമായി ഭാര്യയെ കാണാനില്ലെന്ന് അനിൽ പറഞ്ഞു. തുടര്‍ന്ന് തിങ്കളാഴ്‌ച രാവിലെ ഭാര്യയെ കുറിച്ച് അന്വേഷിക്കാൻ വീട്ടിലെത്തിയപ്പോൾ അയല്‍വാസിയായ യുവതി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ഇയാൾ പറഞ്ഞു. പ്രാദേശിക കോടതിയിൽ ഉദ്യോഗസ്ഥയായി ജോലി ചെയ്യുന്ന ഇവരാണ് തന്നെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയതെന്ന് ഇരയായ അനിൽ പാണ്ഡെ പറഞ്ഞു.
വീടിന്‍റെ വാതിലിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ ഓടിക്കൂടിയെത്തി വെള്ളം ഒഴിച്ച് തീ അണച്ച് അനിലിനെ ജില്ല ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിൽ വച്ച് യുവാവിന്‍റെ നില ഗുരുതരമായപ്പോൾ ലഖ്‌നൗ ട്രോമ സെന്‍ററിലേക്ക് മാറ്റി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പൊള്ളലേറ്റ നിലയിൽ വീട്ടുകാരാണ് യുവാവിനെ കൊണ്ടുവന്നതെന്ന് ജില്ലാ ആശുപത്രിയിലെ ഡോക്‌ടർ അനുരാഗ് ശുക്ല പറഞ്ഞു. അനിൽ പാണ്ഡെയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നും പൊള്ളലേറ്റതിനെ തുടര്‍ന്ന് ചികിത്സയിലാണെന്നും ഡോക്‌ടർ പറഞ്ഞു.
ഭർത്താവിനു നേരെ ഭാര്യയുടെ ക്രൂര പീഡനം: ഭാര്യ ക്രൂരമായി പീഡിപ്പിക്കുകയും കണ്ണിൽ ആസിഡ് ഒഴിക്കുകയും ചെയ്‌തതായി ഭർത്താവിന്‍റെ പരാതി. ഉത്തർ പ്രദേശിലെ മീററ്റിൽ വ്യാഴാഴ്‌ചയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്. തന്നെ വടികൊണ്ട് മർദിച്ചെന്നും ചോര വാർന്നെന്നും ഇരയായ നദീം പൊലീസിനോട് പറഞ്ഞു. ലിസാഡി ഗേറ്റിലെ മേവ്ഗർഹി നിവാസിയായ യുവാവിനാണ് ഭാര്യയുടെ ക്രൂരപീഡനം നേരിടേണ്ടി വന്നത്.
ബുധനാഴ്‌ച രാത്രി (18.10.23) വീട്ടിൽ ഉറങ്ങുകയായിരുന്ന നദീമിന്‍റെ അടുത്തേക്ക് ഭാര്യ ശബ്‌നം വടിയുമായി എത്തി. തുടർന്ന് ഉറങ്ങിക്കിടക്കുമ്പോൾ യുവാവിന്‍റെ തലയിൽ വടികൊണ്ട് അടിച്ച് തല പൊട്ടിക്കുകയും കണ്ണുതുറന്ന ഉടനെ ഭാര്യ ആസിഡ് നിറച്ച കുപ്പി അദ്ദേഹത്തിന്‍റെ കണ്ണുകളിലേക്ക് ഒഴിക്കുകയുമായിരുന്നു. താൻ നിലവിളിച്ചുകൊണ്ടിരുന്നെങ്കിലും ഭാര്യ ഒരു ദയയും കാണിച്ചില്ലെന്ന് ഭർത്താവ് ആരോപിച്ചു. ഇയാളുടെ നിലവിളി കേട്ട് അയൽവാസികൾ സ്ഥലത്തെത്തിയതായും അവരാണ് തന്നെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചതെന്നും ഇര പൊലീസിനോട് പറഞ്ഞു.
പിന്നീട് യുവാവ് തലയിൽ ബാൻഡേജുമായി പൊലീസ് സ്‌റ്റേഷനിലെത്തി നിലവിളിക്കുകയായിരുന്നു. ആരുടെയും അടുത്ത് ഇരിക്കാൻ പോലും തന്‍റെ ഭാര്യ സമ്മതിക്കുന്നില്ലെന്ന് യുവാവ് ആരോപിച്ചു. ഭാര്യയായ ശബ്‌നം ഭർത്താവിനെ എപ്പോഴും ഭയപ്പെടുത്താൻ ശ്രമിച്ചിരുന്നു. ആസിഡ് ഒഴിക്കുകയും വടികൊണ്ട് തല പൊട്ടിക്കുകയും ചെയ്‌തതിനെ തുടർന്ന് ഭാര്യ ശബ്‌നത്തിനെതിരെ ഭർത്താവ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
ഭാര്യയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് യുവാവ് ഉന്നയിച്ചതെന്ന് ലിസാദി ഗേറ്റ് പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് ജിതേന്ദ്ര കുമാർ പറഞ്ഞു. മുഴുവൻ കാര്യങ്ങളും അന്വേഷിച്ചുവരികയാണ്. ഇത് ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള തർക്കമാണെന്നും എന്നാൽ അന്വേഷണത്തിന് ശേഷം കേസ് രജിസ്‌റ്റർ ചെയ്‌ത് ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.