നളന്ദ (ബിഹാര്‍): ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷ്‌ണങ്ങളാക്കി ഉപേക്ഷിച്ച് ഭര്‍ത്താവ്. നളന്ദയിലെ തര്‍ത്താരി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള മസ്‌കന്‍ ഘട്ടിലാണ് സംഭവം. ഭര്‍ത്താവ് നിതീഷ് കുമാര്‍ തന്‍റെ ഭാര്യയായ സംഗീത ദേവിയെ കൊലപ്പെടുത്തിയ ശേഷം മുതദേഹം കഷ്‌ണങ്ങളാക്കി പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.
യുവതിയെ മാര്‍ച്ച് 19 മുതല്‍ കാണ്മാനില്ലായിരുന്നു. എന്നാല്‍ ഗ്രാമത്തിലെ ഒരിടത്ത് മനുഷ്യ മൃതദേഹത്തിന്‍റെ കഷ്‌ണങ്ങള്‍ കണ്ടെടുത്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഈ സമയം ശരീരഭാഗങ്ങള്‍ തെരുവുനായകള്‍ ആക്രമിച്ച് നശിപ്പിക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് പൊലീസിനെ വിവരമറിയിക്കുന്നത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൈകാലുകളും കഴുത്തും കണ്ടെടുത്തു. എന്നാല്‍ മരുമകള്‍ സംഗീതയെ അഞ്ച് ദിവസമായി കാണാനില്ലായിരുന്നുവെന്നും തന്‍റെ മകന്‍ അവളെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയതാണെന്നും നിതീഷിന്‍റെ പിതാവ് പ്രസാദ് അറിയിച്ചു.
രണ്ട് ദിവസം മുമ്പ് വീട്ടിലെ കിണറ്റില്‍ നിന്ന് മുതദേഹത്തിന്‍റെ ഭാഗം കണ്ടെടുത്തു. ഇതറിയിച്ചപ്പോള്‍ അത് സംസ്‌കരിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ തെരുവുനായകള്‍ ഇത് മണ്ണുമാന്തി പുറത്തെടുക്കുകയായിരുന്നുവെന്ന് പ്രസാദ് പറഞ്ഞു. അതേസമയം അമ്മയെ അവരുടെ വീട്ടില്‍ വച്ചാണ് നിതീഷ് കുമാര്‍ കൊലപ്പെടുത്തിയതെന്ന് മകന്‍ പ്രിന്‍സ് കുമാറും വ്യക്തമാക്കി.
സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ: 2006ലാണ് നിതീഷ് കുമാര്‍ സംഗീത ദേവിയെ വിവാഹം കഴിക്കുന്നത്. സംഗീത അവരുടെ പിതാവിന്‍റെ ഏകമകളായിരുന്നു. അതുകൊണ്ടുതന്നെ അച്ഛന്‍റെ സ്വത്തുവകകള്‍ തന്‍റെ പേരിലേക്ക് എഴുതിത്തരണമെന്ന് നിതീഷ് കുമാര്‍ നിരന്തരം ആവശ്യപ്പെടുമായിരുന്നു. എന്നാല്‍ സംഗീത ഇത് അംഗീകരിക്കാതെ വന്നതോടെയാണ് ഇയാള്‍ കൊലപാതകത്തിലേക്ക് നീങ്ങുന്നത്. സംഭവത്തില്‍ തങ്ങള്‍ അന്വേഷണം ആരംഭിച്ചുവെന്നും നിതീഷ് കുമാര്‍ ഒളിവിലായതിനാല്‍ കുറ്റകൃത്യം ഇയാള്‍ ചെയ്‌തത് തന്നെയാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല എന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
കൊലപാതകം മുമ്പും: കഴിഞ്ഞദിവസം പശ്ചിമ ബംഗാളിലെ ബിഷ്‌ണുപൂരില്‍ കുടുംബ വഴക്കിനെ തുടർന്ന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി കഷ്‌ണങ്ങളാക്കി കുഴിച്ചിട്ട സംഭവം നടന്നിരുന്നു. ബിഷ്‌ണുപൂരിലെ സർദാ ഗാർഡൻ ഏരിയയില്‍ താമസിക്കുന്ന അലീം ഷെയ്ഖാണ് ഭാര്യ മുംതാസ് സേഖിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടുകയും ചെയ്‌തിരുന്നു.
20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മുര്‍ഷിദാബാദ് നിവാസിയും കല്‍പ്പണിക്കാരനുമായ അലീം മുംതാസ് സേഖിനെ വിവാഹം ചെയ്യുന്നത്. ഇതിന് ശേഷം അലീം, ബിഷ്‌ണുപൂരിലെ ചിത്‌ബാഗിയിലുള്ള ഭാര്യ വീട്ടിലായിരുന്നു താമസിച്ചുവന്നിരുന്നത്. ഇതിനിടെ അലീം സർദാ ഗാർഡൻസിൽ കോൺട്രാക്‌ടറായും മുംതാസ് സാമലി മേഖലയിലെ ഒരു ചോക്ലേറ്റ് ഫാക്‌ടറിയിലും ജോലിയില്‍ പ്രവേശിച്ചു. ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും പിറന്നു. കൊലപാതകം നടന്ന ദിവസം ഇരുവരും ഒരുമിച്ചാണ് ജോലി സ്ഥലത്തേക്ക് തിരിച്ചതെങ്കിലും മുംതാസ് പിന്നീട് മടങ്ങിയെത്തിയില്ല.
ചോദ്യം ചെയ്യലില്‍ കുടുങ്ങി: ജോലി കഴിഞ്ഞ് രാത്രി പതിവുപോലെ ഭാര്യവീട്ടിലേക്ക് അലീം മടങ്ങിയെത്തി. പിറ്റേന്ന് നേരം പുലര്‍ന്നതിന് ശേഷവും മുംതാസിനെ കുറിച്ച് വിവരം ലഭിക്കാതെ വന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് അലീം കുറ്റസമ്മതം നടത്തുന്നതും സംഭവസ്ഥലത്ത് ചെന്ന് കുഴിച്ചിട്ട മൃതദേഹ ഭാഗങ്ങള്‍ കണ്ടെടുക്കുന്നതും.