ഹരിയാനയിൽ പെൺസുഹൃത്തും ബന്ധുവും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി - ഹരിയാന കൊലപാതകം
Haryana Murder: ഹരിയാനയിൽ യുവാവിനെ ബന്ധുവും പെൺസുഹൃത്തും ചേർന്ന് കൊലപ്പെടുത്തി ശരീരം കനാലിൽ ഉപേക്ഷിച്ചു.


Published : Jan 4, 2024, 8:14 PM IST
കർണാൽ: ഹരിയാനയിലെ കർണാൽ ജില്ലയിൽ യുവാവിനെ ബന്ധുവും പെൺസുഹൃത്തും ചേർന്ന് കൊലപ്പെടുത്തി (Man Killed In Haryana Girlfriend and cousin arrested). കുഞ്ച്പുര സ്വദേശിയായ സുമിത്താണ് കൊല്ലപ്പെട്ടത്. സുരേന്ദ്ര കൗർ, കൊല്ലപ്പെട്ട സുമിത്തിന്‍റെ ബന്ധുവായ ഗുൽഷൻ എന്നിവരാണ് കേസിലെ പ്രതികൾ.
സുരേന്ദ്ര കൗർ എന്ന യുവതിയുമായി സുമിത്ത് പ്രണയത്തിലായിരുന്നു. സുരേന്ദ്ര കൗർ വിവാഹിതയാണ്. ഇവരുടെ അയൽപ്പക്കത്ത് താമസിച്ചിരുന്നതാണ് സുമിത്തും കുടുംബവും. ഒരു വർഷം മുൻപ് ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അറിഞ്ഞ സുരേന്ദ്രയുടെ ഭർത്താവ് സുമിത്തിനെ മർദിച്ചിരുന്നു.
സുമിത്തിന്‍റെ ബന്ധുവാണ് ഗുൽഷൻ. എന്നാൽ, പിന്നീട് സുരേന്ദ്ര കൗർ ഗുൽഷനുമായി പ്രണയത്തിലായി. ഈ വിവരം സുമിത്ത് അറിഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കേറ്റവും വഴക്കും പതിവായി. ഡിസംബർ 23ന് വീട്ടിൽ നിന്ന് ഇറങ്ങിയ സുമിത്ത് രാത്രി വൈകിയും തിരിച്ചെത്തിയില്ല.
വീട്ടുകാർ യുവാവിനായി തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കുടുംബാംഗങ്ങൾ ഡിസംബർ 26ന് കുഞ്ച്പുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കുടുംബാംഗങ്ങളെ ഉൾപ്പെടെ പൊലീസ് ചോദ്യം ചെയ്‌തു.
തുടർന്ന് അയൽപക്കത്ത് താമസിച്ചിരുന്ന സുരേന്ദ്ര കൗറുമായി സുമിത്ത് ആറ് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞു. ഗുൽഷനുമായും സുരേന്ദ്രയുടെ ഭർത്താവുമായും ഉണ്ടായ തർക്കങ്ങളെ കുറിച്ചും വീട്ടുകാർ പൊലീസിനെ അറിയിച്ചു.
വീട്ടുകാരുടെ മൊഴി പരിഗണിച്ച് പൊലീസ് സുരേന്ദ്ര കൗറിനെയും ഭർത്താവിനെയും ഗുൽഷനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ചോദ്യം ചെയ്യലിൽ മൂവർക്കും സുമിത്തിനെപ്പറ്റി യാതൊരു അറിവും ഇല്ലെന്ന് മൊഴി നൽകി. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ രാത്രിയിൽ ഒരു മോട്ടോർ സൈക്കിളിൽ പുരുഷന്‍റെയും സ്ത്രീയുടെയും നടുവിലിരുത്തി ഒരു വ്യക്തിയെ കൊണ്ടുപോകുന്നതായുള്ള ദൃശ്യങ്ങൾ ലഭിച്ചു.
ഇതിൽ സംശയം തോന്നിയ പൊലീസ് ഗുൽഷനെയും സുരേന്ദ്രയേയും വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്‌തു. ചോദ്യം ചെയ്യലിനൊടുവിൽ സുമിത്തിനെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് സുരേന്ദ്രനും ഗുൽഷനും സമ്മതിച്ചതായി കുഞ്ച്പുര ഇൻചാർജ് ടാർസെം പറഞ്ഞു.
ഗുൽഷനുമായുള്ള യുവതിയുടെ ബന്ധത്തെ കുറിച്ച് വിവരം ലഭിച്ച സുമിത്ത്, സുരേന്ദ്ര കൗറുമായി പലതവണ തർക്കത്തിലേർപ്പെട്ടിരുന്നു. ഒടുവിൽ, സുമിത്തിനെ തങ്ങളുടെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാനായാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. സുമിത്തിനെ കൊലപ്പെടുത്തി മൃതദേഹം കനാലിൽ എറിയുകയായിരുന്നു. കൊലപാതകം നടന്ന് 12 ദിവസത്തിന് ശേഷമാണ് സുമിത്തിന്‍റെ മൃതദേഹം കനാലിൽ നിന്ന് പൊലീസ് കണ്ടെടുത്തത്.