വാറങ്കൽ (തെലങ്കാന) : സ്വത്ത് തർക്കത്തെ തുടർന്ന് യുവാവ് സഹോദരനെ കൊലപ്പെടുത്തി. വാറങ്കൽ നഗരത്തിലെ കരിമാബാദ് ഉർസു മേഖലയിലാണ് സംഭവം. വാറങ്കൽ സ്വദേശിയായ ശ്രീകാന്താണ് ഇന്നലെ മരിച്ചത്.
ശ്രീനിവാസ്, ശ്രീധർ, ശ്രീകാന്ത് എന്നീ സഹോദരങ്ങളാണ്. മൂവരും കുടുംബസ്വത്ത് ഭാഗം വച്ചിരുന്നു. ഇതിനിടെ മൂത്ത സഹോദരനായ ശ്രീനിവാസ് അന്തരിച്ചു.
തുടർന്ന് ഇളയ സഹോദരനായ ശ്രീകാന്തിന്‍റെ സ്വത്ത് വിഹിതത്തെ ചൊല്ലി ശ്രീധർ നിരന്തരം തർക്കത്തിലേർപ്പെടാൻ തുടങ്ങി. ശ്രീധര്‍ ഭീഷണിപ്പെടുത്താനും തുടങ്ങിയതോടെ ശ്രീകാന്ത് അമ്മയ്‌ക്കൊപ്പം വാറങ്കലിലെ വീട് വിട്ട് നിസാമാബാദിലേക്ക് പോയി. കൂലിപ്പണി ചെയ്‌താണ് ശ്രീകാന്ത് കുടുംബം നോക്കിയിരുന്നത്.
2019ൽ ശ്രീകാന്ത് വിവാഹതിനായി. പിന്നീട് ശ്രീകാന്തിന് കൊവിഡ് ബാധിക്കുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്‌തു. ചികിത്സക്കും മറ്റ് ചെലവുകൾക്കും പണം കണ്ടെത്താൻ കഴിയാതെ വന്നതോടെ സ്വത്ത് വിൽക്കാമെന്ന തീരുമാനത്തിലെത്തി. ഇതിനായി നാട്ടിൽ വന്ന ശ്രീകാന്തിനെ ശ്രീധർ ഭീഷണിപ്പെടുത്തി.
സഹോദരന്‍റെ നിരന്തരമായ ഭീഷണിയെ തുടർന്ന് ശ്രീകാന്ത് മിൽസ് കോളനി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് പൊലീസ് ശ്രീധറിനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും കൗൺസിലിങ് നൽകുകയും ചെയ്‌തു. സഹോദരന്‍റെ ഭൂമി വിൽക്കുന്നതിൽ എതിർപ്പ് ഇല്ലെന്ന് ശ്രീധർ പൊലീസിനെ അറിയിച്ചു.
തുടർന്ന് ശ്രീകാന്ത് ഭാര്യയ്‌ക്കൊപ്പം വാറങ്കലിലെത്തി ബന്ധുവീട്ടിൽ താമസിച്ച് സ്വത്ത് വിൽക്കാനുള്ള ശ്രമം ആരംഭിച്ചു. ശനിയാഴ്‌ച ഭൂമി വാങ്ങാനെത്തിയ ആളുമായി സ്ഥലം സന്ദർശിക്കുന്നതിനിടെ ശ്രീകാന്തിനെ സഹോദരൻ അടിച്ച് വീഴ്‌ത്തുകയായിരുന്നു. മണിക്കൂറുകളോളം ശ്രീധർ ശ്രീകാന്തിനെ മർദിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കല്ലെറിഞ്ഞ് വീഴ്‌ത്തുകയും പെട്രോളൊഴിച്ച് തീകൊളുത്തുകയും ചെയ്‌തു. മരിച്ച ശ്രീകാന്തിന്‍റെ ഭാര്യ റാണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്വത്തിന് വേണ്ടി വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി യുവതി: സ്വത്ത് കൈവിട്ട് പോകുമെന്ന് കരുതി ഭർത്താവിന്‍റെ മാതാപിതാക്കളെ യുവതി കൊലപ്പെടുത്തി. ഡൽഹിയിലെ ഭാഗീരഥി വിഹാറിലാണ് സംഭവം. രാധശ്യാം വർമ (75) ഭാര്യ വീണ (68) എന്നിവരാണ് കൊല്ലപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരുടെ മരുമകളായ മോണിക്കയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. മോണിക്കയുടെ രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു കൊലപാതകം. വസ്‌തുവിന്‍റെ ഒരു ഭാഗം വിൽക്കുന്നതോടെ വീട് ഉൾപ്പെടെയുള്ള സ്വത്തുക്കൾ ഇവർക്ക് നഷ്‌ടപ്പെടുമെന്ന് കരുതിയാണ് കൃത്യം നടത്തിയതെന്ന് മോണിക്ക പൊലീസിനോട് പറഞ്ഞു.
Also read : സ്വത്ത് കൈവിട്ട് പോകുമെന്ന് ഭയം; ഭർത്താവിന്‍റെ മാതാപിതാക്കളെ കൊലപ്പെടുത്തി യുവതി
ഭാര്യയെ കൊലപ്പെടുത്തിയത് സ്വത്തിനായി: സ്വത്ത് കൈക്കലാക്കാൻ ഭാര്യയെ കൊലപ്പെടുത്തി യുവാവ്. ബിഹാറിലെ നളന്ദയിലാണ് സംഭവം. നിതീഷ് കുമാർ എന്ന യുവാവാണ് ഭാര്യ സംഗീത ദേവിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്‌ണങ്ങളാക്കി ഉപേക്ഷിച്ചത്. മാർച്ച് 19 മുതൽ യുവതിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. സംഗീതയുടെ അച്ഛന്‍റെ സ്വത്തുവകകൾ തന്‍റെ പേരിൽ എഴുതി തരണമെന്ന നിതീഷ് കുമാറിന്‍റെ ആവശ്യം അംഗീകരിക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.