മീററ്റ് (ഉത്തർ പ്രദേശ് : യുവാവിനെ ഭാര്യാ സഹോദരന്മാർ ചേർന്ന് വെടിവച്ച് കൊന്നു. സർധന പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖതികാൻ പ്രദേശവാസിയായ ജാക്കിയാണ് (25) കൊല്ലപ്പെട്ടത്. രണ്ട് മാസം മുമ്പ് ജാക്കി തന്‍റെ തന്നെ ജാതിയിലുള്ള അഞ്ചൽ എന്ന യുവതിയെ സ്നേഹിച്ച് വിവാഹം കഴിക്കുകയായിരുന്നു.
എന്നാല്‍ പ്രണയവിവാഹം അഞ്ചലിന്‍റെ സഹോദരന്മാരായ അൻഷു ഖതിക്, സാഗർ ഖതിക് എന്നിവരെ രോഷാകുലരാക്കി. തിങ്കളാഴ്‌ച ഇരുവരും ദമ്പതികളുടെ വസതിയിലെത്തി ജാക്കിയെ വെടിവയ്ക്കുകയായിരുന്നു. അഞ്ചലിനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്‌തു. ജാക്കി സംഭവസ്ഥലത്തുതന്നെ മരിച്ചു. അഞ്ചലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുഖ്യപ്രതിയായ അൻഷുവിനെ പൊലീസ് അറസ്റ്റുചെയ്‌തു. കുറ്റകൃത്യം നടത്താൻ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. സാഗർ ഒളിവിലാണെന്നും ജാക്കിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.