ഭോപാൽ : ജഡ്ജിയായി ആൾമാറാട്ടം നടത്തിയ ഉത്തർപ്രദേശ് സ്വദേശി പിടിയിൽ. ദീപക് ഭദൗരിയയാണ് ജഡ്ജിയായി ആൾമാറാട്ടം നടത്തിയത്. മാതാപിതാക്കളെയും ഭാര്യയെയും തൃപ്തിപ്പെടുത്തുന്നതിനായിട്ടാണ് ഇയാള്‍ ആൾമാറാട്ടം നടത്തിയതെന്ന് ഭിന്ദ് പൊലീസ് പറഞ്ഞു. ജബൽപൂരിലെ റാണി ദുർഗാവതി യൂണിവേഴ്‌സിറ്റിയിൽ നിന്ന് 2013ൽ നിയമബിരുദം പൂർത്തിയാക്കിയ ദീപക് കാൺപൂരിൽ നിന്ന് പിജി പഠനം പൂർത്തിയാക്കി. തുടർന്ന് സിവിൽ ജഡ്ജിയാകാൻ ധാരാളം പണം ആവശ്യമായതിനാൽ പഠനം ഉപേക്ഷിച്ചു. എന്നാൽ മാതാപിതാക്കളെയും ഭാര്യയെയും താൻ സിവിൽ ജഡ്ജിയാണെന്ന് തെറ്റിധരിപ്പിച്ചു.
Also Read: പെൺകുട്ടികളിൽ നിന്നും പണം തട്ടിയെടുത്ത 21കാരൻ പിടിയിൽ
ഭിന്ദിലെ വാടക വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്. സിവിൽ ജഡ്ജി നെയിം പ്ലേറ്റ് താമസസ്ഥലത്തിന് പുറത്തും വാഹനത്തിലും ഇയാൾ ഉറപ്പിച്ചിരുന്നു. അജ്ഞാത നമ്പറിൽ നിന്നും സന്ദേശം ലഭിച്ചതിന്‍റെ ഭാഗമായി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. 'സിവിൽ ജഡ്ജി' എന്നെഴുതിയ നിരവധി വിസിറ്റിങ് കാർഡുകളും പൊലീസ് പിടിച്ചെടുത്തു.