ന്യൂഡൽഹി: ബലാത്സംഗ ആരോപണം ഉന്നയിച്ച ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്‌ത് ഡൽഹി പൊലീസ്. രാജേഷ് റോയി എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പതിവ് വഴക്കുകളിൽ മനംമടുത്ത പ്രതി ഭാര്യയെ നൈനിറ്റാളിലേക്ക് കൂട്ടിക്കൊണ്ടുപോയി കുന്നിൻമുകളിൽ നിന്ന് താഴേയ്ക്ക് തള്ളിയിട്ട് കൊന്നതാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. വിവാഹ വാഗ്‌ദാനം നൽകി രാജേഷ് തന്നെ പീഡിപ്പിച്ചുവെന്ന് യുവതി കഴിഞ്ഞ ജൂലൈയിൽ പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ഓഗസ്റ്റിൽ രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. എന്നിരുന്നാലും, കേസിൽ നിന്ന് യുവതി പിന്മാറിയതിന് ശേഷം ഒക്‌ടോബറിൽ ഇയാൾ ജയിൽ മോചിതനായി.
തുടർന്ന് യുവതിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അറിയിക്കുകയും ഇരുവരും വിവാഹിതരാവുകയും ചെയ്‌തുവെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. ജൂൺ 11ന് രാജേഷ് യുവതിയെ ഉത്തരാഖണ്ഡിലെ തന്‍റെ ഗ്രാമത്തിലേക്ക് കൊണ്ടുപോയെന്നും തുടർന്ന് യുവതിയെ കാണാതായെന്നും കാണിച്ച് യുവതിയടെ കുടുംബം പൊലീസിൽ പരാതിപ്പെട്ടു.
യുവതിയുടെ മൊബൈൽ റേഞ്ച് അനുസരിച്ച് അവസാനം സ്ഥലം നൈനിറ്റാളാണെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് രാജേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതിൽ നിന്നാണ് കൊലപാതക വിവരം പുറത്തുവന്നത്. യുവതിയുടെ മൃതദേഹത്തിനായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Also Read: വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; പ്രതി അറസ്റ്റിൽ