മെല്‍ബണ്‍ : ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ സംഭവത്തില്‍ മുന്‍ കാമുകന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. നഴ്‌സിങ് വിദ്യാര്‍ഥിയായ ജാസ്‌മിന്‍ കൗറിന്‍റെ മുന്‍ കാമുകന്‍ താരിക്ജോത് സിങ്ങിനാണ് (23) ഓസ്ട്രേലിയന്‍ കോടതി ശിക്ഷ വിധിച്ചത്. യുവതി പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിന്‍റെ വിരോധമാണ് കൊലപാതകത്തിന് കാരണമായത്.
കേസില്‍ മുന്‍ കാമുകന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്. കൊലപാതകം ആദ്യം പ്രതി നിഷേധിച്ചെങ്കിലും പിന്നീടുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.2021 മാര്‍ച്ച് 5ന് ഓസ്‌ട്രേലിയയിലെ ഫ്ലിന്‍ഡേഴ്‌സ് റേഞ്ചിലാണ് സംഭവം.
ഫ്ലിന്‍ഡേഴ്‌സ് റേഞ്ചിലെത്തിയ പ്രതി ജാസ്‌മിന്‍ കൗറിനെ കാറില്‍ തട്ടിക്കൊണ്ടുപോയി 400 കിലോമീറ്റര്‍ അകലെയുള്ള ശ്‌മശാനത്തില്‍ എത്തിച്ചു. കൗറിന്‍റെ കൈകാലുകള്‍ കേബിള്‍ കൊണ്ട് ബന്ധിച്ചതിന് പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ ശ്രമം വിഫലമായതോടെ ശ്‌മശാനത്തില്‍ ഒരു കുഴിയെടുത്ത് താരിക്ജോത് സിങ് ജാസ്‌മിന്‍ കൗറിനെ അതിലിട്ട് മൂടുകയായിരുന്നു.
തെളിവുകളായത് കടയില്‍ നിന്നുള്ള പര്‍ച്ചേസ് : ജാസ്‌മിന്‍ കൗര്‍ കൊല്ലപ്പെടുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഫ്ലിന്‍ഡേഴ്‌സ് റേഞ്ചിലെ ഒരു കടയിലെത്തിയ താരിക്ജോത് സിങ് കൈയ്യുറകള്‍ അടക്കം കൊലപാതകം നടപ്പാക്കാന്‍ ചില സാധനങ്ങള്‍ വാങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കടയിലെ സിസിടിവി ദൃശ്യങ്ങളാണ് കേസ് അന്വേഷണത്തില്‍ പ്രധാന വഴിത്തിരിവായത്.
ബന്ധം തകര്‍ന്നത് താങ്ങാനായില്ല : ജാസ്‌മിന്‍ കൗറുമായുള്ള തന്‍റെ ബന്ധം തകര്‍ന്നതോടെ മാനസികമായി തകരുകയും ഏറെ പ്രയാസപ്പെടുകയും ചെയ്‌തെന്ന് പ്രതി താരിക്ജോത് സിങ് പറഞ്ഞു. മാനസിക പിരിമുറുക്കം ഒടുക്കം കൊലപാതകത്തിന് കാരണമായെന്നും പ്രതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
മകളെ ശല്യപ്പെടുത്തിയിരുന്നുവെന്ന് അമ്മ : തന്‍റെ മകളെ വിവാഹം കഴിക്കാന്‍ താരിക്ജോത് സിങ്ങിന് താത്‌പര്യമുണ്ടായിരുന്നുവെന്നും എന്നാല്‍ ഇരുവരും പിരിഞ്ഞതിന് ശേഷവും ഇയാള്‍ മകളെ ശല്യപ്പെടുത്തിയിരുന്നുവെന്നും ജാസ്‌മിന്‍ കൗറിന്‍റെ അമ്മ പറഞ്ഞു.
ഫിലാഡല്‍ഫിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു : ഫിലാഡല്‍ഫിയയില്‍ ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പാണ് സമാന സംഭവമുണ്ടായത്. ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി വെടിയേറ്റ് മരിക്കുകയായിരുന്നു. ജൂഡ് ചാക്കോയാണ് (21) കൊല്ലപ്പെട്ടത്.
വിദ്യാര്‍ഥിയായ ജൂഡ് പാര്‍ട്ട് ടൈം ജോലിയും ചെയ്‌തിരുന്നു. രാത്രിയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വെടിയേറ്റത്. അജ്ഞാതരായ രണ്ട് പേരാണ് ജൂഡിന് നേരെ വെടിയുതിര്‍ത്തത്. മോഷണ ശ്രമത്തിനിടെയാണ് വിദ്യാര്‍ഥിക്കെതിരെ അക്രമികള്‍ നിറയൊഴിച്ചതെന്ന് പൊലീസ് പറഞ്ഞു.
30 വര്‍ഷം മുമ്പ് കൊല്ലം ജില്ലയില്‍ നിന്ന് ഫിലാഡല്‍ഫിയയിലേക്ക് കുടിയേറിയവരാണ് ജൂഡിന്‍റെ കുടുംബം. യുഎസില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി മോഷണ ശ്രമത്തിനിടെ കൊല്ലപ്പെടുന്നത് ഇത് രണ്ടാം തവണയാണെന്ന് യുഎഇ ആസ്ഥാനമായ ഇംഗ്ലീഷ് ദിനപത്രം ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
ആന്ധ്രപ്രദേശ് സ്വദേശി കൊല്ലപ്പെട്ടതും വെടിയേറ്റ് : കഴിഞ്ഞ ഏപ്രിലിലും ആന്ധ്രപ്രദേശില്‍ നിന്നുള്ള 24കാരന്‍ വെടിയേറ്റ് മരിച്ചിരുന്നു. ഒഹായോയിലെ പെട്രോള്‍ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന യുവാവാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെ അജ്ഞാത സംഘം യുവാവിനെ വെടിവച്ചിടുകയായിരുന്നു.