മുംബൈ: മഹാരാഷ്‌ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി താലൂക്കിൽ പിതാവിനെ കൊന്ന മകന് ജീവപര്യന്തം തടവ്. പിതാവ് ധർമ്മശങ്കർ ധീന്ദയെ (70) കൊലപ്പെടുത്തിയ സുരേഷ് ധർമ്മ ധീന്ദ (52) എന്നയാൾക്കാണ് ജീവപര്യന്തം തടവിന് വിധിച്ചത്.
ഐപിസി 302 തുടങ്ങിയ വകുപ്പുകൾ പ്രകാരം ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും തുടർന്ന് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്‌ജി ആർ.എം. ജോഷി ശിക്ഷ വിധിക്കുകയുമായിരുന്നു. 2017 ഡിസംബർ 17 നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് പ്രതി തന്‍റെ പിതാവിനെ ഉളി ഉപയോഗിച്ച് നിരവധി തവണ കുത്തുകയായിരുന്നുവെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്‌വാല മൊഹാൽക്കർ കോടതിയിൽ അറിയിച്ചു. സംഭവത്തെ തുടർന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ 2018 ജനുവരിയിലാണ് അറസ്‌റ്റ് ചെയ്‌തത്. പ്രതിയുടെ അമ്മയും സഹോദരനും ഉൾപ്പെടെയുള്ളവർ നൽകിയ തെളിവുകൾ പരിശോധിച്ച ശേഷമാണ് ശിക്ഷ വിധിച്ചത്.