ശ്രീനഗര്‍: പുല്‍വാമയിലെ ഗ്രനേഡ് ആക്രമണത്തിന് പിന്നാലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നിന്ന് ഒരാളെ അറസ്റ്റ് ചെയ്‌ത് സൈന്യം. ഞായറാഴ്‌ച രാത്രിയാണ് സൈന്യം ഇയാളെ അറസ്റ്റ് ചെയ്‌തത്. പാകിസ്ഥാന്‍ അധിനിവേശ കശ്‌മീരില്‍ നിന്നുള്ളയാളെയാണ് പിടികൂടിയതെന്ന് സൈന്യം അറിയിച്ചു. പുല്‍വാമയിലെ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സിന് (സിആര്‍പിഎഫ്) നേരെ ഗ്രനേഡ് ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് സൈന്യം ഇയാളെ പിടികൂടിയത്.
Also read: ഇന്ത്യയിൽ കൊവിഡ് ബാധിതർ കുറയുന്നു; 1,00,636 പേർക്ക് കൊവിഡ്
പുല്‍വാമയിലെ ത്രാല്‍ മേഖലയിലെ ബസ് സ്റ്റാന്‍ഡില്‍ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സിന്‍റെ ചെക്ക് പോസ്റ്റിന് നേരെ ഞായറാഴ്‌ച പകലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ജമ്മു കശ്‌മീരിലെ രാജൗരി ജില്ലയിലെ ഗ്രാമമുഖ്യന്‍റെ വീടിന് സമീപത്തും ശനിയാഴ്‌ച രാത്രി സ്ഫോടനം ഉണ്ടായതായി പൊലീസ് അറിയിച്ചു. ബുധനാഴ്‌ച ത്രാല്‍ മേഖലയില്‍ തീവ്രവാദികളുടെ വെടിയേറ്റ് ബിജെപി കൗണ്‍സിലര്‍ രാകേഷ് പണ്ഡിത കൊല്ലപ്പെട്ടിരുന്നു.