വെസ്റ്റ് ചമ്പാരൻ: ബഗഹയിൽ വീണ്ടും നരഭോജി കടുവയുടെ ആക്രമണം. വാൽമീകി കടുവ സങ്കേതത്തിൽ നിന്നും ജനവാസ മേഖലയിലിറങ്ങിയ കടുവ രണ്ട് പേരെ കൂടി കൊലപ്പെടുത്തി. ശനിയാഴ്‌ച പുലർച്ചെയായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം എവിടെ കണ്ടാലും കടുവയെ വെടിവച്ച് കൊലപ്പെടുത്തണമെന്ന് ബിഹാർ വൈൽഡ് ലൈഫ് ഗാർഡൻ ഉത്തരവിറക്കിയിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. ഇതോടെ രണ്ട് മാസത്തിനിടെ കടുവയുടെ ആക്രമണത്തിൽ കൊലപ്പെട്ടവരുടെ എണ്ണം ഒൻപത് ആയി.
ഗോവർധന പൊലീസ് സ്റ്റേഷൻ പരിധിയിലെ ബലുവ വില്ലേജിൽ സ്ത്രീയേയും മകനെയുമാണ് കടുവ കൊലപ്പെടുത്തിയത്. ശനിയാഴ്‌ച രാവിലെ ഏഴ് മണിയോടെ വീട്ടിലെത്തിയ കടുവ ഇരുവരെയും ആക്രമിക്കുകയായിരുന്നു.
കടുവയെ പിടികൂടാനായി പ്രദേശത്ത് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിനെ വിന്യസിച്ചിട്ടുണ്ട്. കടുവയുടെ ആക്രമണം വർധിച്ചതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ വരെ പ്രദേശവാസികൾ ഭയപ്പെടുന്ന സ്ഥിതിയാണ് ഗ്രാമത്തിൽ. വീണ്ടും ആക്രമണം ഉണ്ടായതോടെ രോഷാകുലരായ നാട്ടുകാർ വനംവകുപ്പിന്‍റെ വാഹനങ്ങൾ അടിച്ചുതകർത്തു.
മുഖ്യമന്ത്രി നിതീഷ് കുമാർ പ്രദേശം സന്ദർശിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്. പ്രദേശത്തെ കരിമ്പ് തോട്ടത്തിൽ മൂന്ന് വർഷം മുൻപ് ജനിച്ച കടുവയാണ് ആക്രമണം നടത്തുന്നത്. നേരത്തെ കരിമ്പ് തോട്ടത്തിനടുത്തുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെയായിരുന്നു കടുവ ആക്രമിച്ചിരുന്നത്. എന്നാൽ ഇപ്പോൾ വിവിധ പ്രദേശങ്ങളിലേക്ക് പോയി ജനങ്ങളെ ആക്രമിക്കുകയാണ്. കടുവ നരഭോജി ആയി മാറിയതിന്‍റെ തെളിവാണ് ഇതെന്നും അതിനാലാണ് വെടി വയ്ക്കാൻ ഉത്തരവിട്ടതെന്നും വാൽമീകി കടുവ സങ്കേതം ഡിഎഫ്ഒ പ്രദ്യുമൻ ഗൗരവ് പറഞ്ഞു.
ബുധനാഴ്‌ച 12കാരിയും വ്യാഴാഴ്‌ച രാത്രി 35കാരനായ സഞ്ജയ് മഹതോയും കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 400 വനംവകുപ്പ് ഉദ്യോഗസ്ഥരാണ് കടുവയെ പിടികൂടാൻ പ്രദേശത്ത് വിന്യസിക്കപ്പെട്ടിരിക്കുന്നത്. കെണി വച്ച് പിടികൂടാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും കടുവ തുടർച്ചയായി രക്ഷപ്പെടുകയാണ്. സിസിടിവി ഉപയോഗിച്ചും കാൽപാട് ട്രാക്ക് ചെയ്‌തും കടുവയെ വലയിലാക്കാനുള്ള ശ്രമവും പുരോഗമിക്കുന്നുണ്ട്.
Also Read: രണ്ടുപേരെ കൊന്നു: ബിഹാറിലെ ജനവാസ മേഖലയിൽ പരിഭ്രാന്തി സൃഷ്‌ടിച്ച് കടുവ