ലക്‌നൗ: ഉത്തർ പ്രദേശിൽ കാമുകിയുടെ ആസിഡ് ആക്രമണത്തിൽ യുവാവ് മരിച്ചു. ആഗ്ര ജില്ലയിലെ ദേവേന്ദ്രയാണ് ആസിഡ് ആക്രമണത്തിൽ മരിച്ചത്. സംഭവത്തിൽ കാമുകിയായ സോനത്തെ അറസ്റ്റ് ചെയ്തു. ഇന്നലെയായിരുന്നു ആക്രമണം നടന്നത്. ആഗ്രയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ സോനവും ഇവിടുത്തെ പാത്തോളജി ലാബിലെ അസിസ്റ്റന്‍റുമായ ദേവേന്ദ്രയും തമ്മിൽ വളരെക്കാലമായി അടുപ്പത്തിലായിരുന്നു. എന്നാൽ ദേവേന്ദ്ര മറ്റൊരു വ്യക്തിയെ വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്തയാണ് പ്രതിയെ പ്രകോപിതയാക്കിയത്.
ഫാൻ ശരിയാക്കണമെന്ന വ്യാജേന ദേവേന്ദ്രയോട് യുവതി തന്‍റെ താമസ സ്ഥലത്തേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വീട്ടിൽ എത്തിയ ദേവേന്ദ്രക്ക് നേരെ യുവതി ആസിഡ് ആക്രമണം നടത്തിയതായും ആഗ്ര പൊലീസ് സൂപ്രണ്ട് രോഹൻ ബോട്രെ പറഞ്ഞു. പൊള്ളലേറ്റ ഇയാളെ സിക്കന്ദ്രയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിക്കും പൊള്ളലേറ്റതായും ആശുപത്രിയിൽ ചികിത്സയിലാണെന്നും എസ്‌പി അറിയിച്ചു.