ന്യൂഡൽഹി: ജനൽ ചില്ല് തകർത്തെത്തിയ ഇരുമ്പ് കമ്പി കഴുത്തിൽ തറച്ച് കയറി ട്രെയിൻ യാത്രികന് ദാരുണാന്ത്യം. ഡൽഹി-കാൺപൂർ നീലാചൽ എക്‌സ്‌പ്രസ് ട്രെയിനിൽ നടന്ന അപകടത്തിൽ സുൽത്താൻപൂർ സ്വദേശിയായ ഹൃഷകേഷ് ദുബെ എന്നയാളാണ് കൊല്ലപ്പെട്ടത്. നോർത്ത് സെൻട്രൽ റെയിൽവേയുടെ പ്രയാഗ്‌രാജ് ഡിവിഷനിലെ ദൻവാറിനും സോമ്‌നയ്ക്കും ഇടയിൽ രാവിലെ 8:45 ഓടെയായിരുന്നു ദാരുണമായ സംഭവം നടന്നത്.
ഡൽഹിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ദുബെ. ലഖ്‌നൗവിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ജനലിനരികിൽ ഇരുന്ന് യാത്ര ചെയ്യവേയാണ് ഹൃഷകേഷിന്‍റെ കഴുത്തിലേക്ക് കമ്പി തറച്ചുകയറിയത്.
തുടർന്ന് 9.23ഓടെ അലിഗഡ് ജങ്‌ഷനിൽ ട്രെയിൻ നിർത്തി ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടക്കുമ്പോൾ ട്രാക്കിൽ ചില ജോലികൾ നടന്നുകൊണ്ടിരിക്കുകയായിരുന്നെന്നും അവിടെ നിന്നാകാം ഇരുമ്പ് കമ്പി യാത്രക്കാരന്‍റെ കഴുത്തിൽ തറച്ചതെന്നും വൃത്തങ്ങൾ അറിയിച്ചു.
അതേസമയം അപകടത്തെക്കുറിച്ച് റെയിൽവേയുടെ ഭാഗത്ത് നിന്ന് ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. മൃതദേഹം ജിആർപിക്ക് കൈമാറിയതായും അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.