ശ്രീകാകുളം (ആന്ധ്രാപ്രദേശ്) : ടിക്കറ്റിന് പണം നൽകാത്തതിന് ഓടുന്ന ബസിൽ നിന്ന് തള്ളിയിട്ടു, യുവാവിന് ദാരുണാന്ത്യം. ശ്രീകാകുളം ജില്ലയിലെ ലാവേരു മണ്ഡലത്തിലെ ബുദുമുരു ദേശീയ പാത ജങ്ഷന് സമീപമാണ് സംഭവം. വിശാഖപട്ടണത്തെ മധുരവാഡ സ്വദേശി ഭരത് കുമാറാണ് (27) മരിച്ചത്.
മെയ് മൂന്ന് അർധരാത്രിയായിരുന്നു സംഭവം. വിശാഖപട്ടണത്തേക്ക് പോകാൻ നവഭാരത് ജങ്ഷനിൽ ഭുവനേശ്വറിൽ നിന്ന് സ്വകാര്യ ബസിൽ കയറിയതാണ് ഭരത്. തുടർന്ന് ടിക്കറ്റ് എടുക്കാൻ ബസിലെ ജീവനക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ കൈയിൽ പണം ഇല്ലെന്നും സുഹൃത്തിന്‍റെ ഫോണിൽ നിന്ന് ഫോൺ പേ വഴി അയക്കാമെന്നും ഭരത് ബസിലെ ക്ലീനറോട് പറഞ്ഞു.
എന്നാൽ, ഏറെ നേരം കഴിഞ്ഞിട്ടും പണം അയക്കാതിരുന്നതിനാൽ ബസ് ക്ലീനർ ബൊമ്മാളി അപ്പണ്ണയും ഡ്രൈവർ രാമകൃഷ്‌ണനും ചേർന്ന് പണം ഉടൻ നൽകണമെന്ന് ഭരതിനോട് ആവശ്യപ്പെട്ടു. എന്നാൽ, സുഹൃത്തിന്‍റെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും വിശാഖപട്ടണത്ത് എത്തിയാൽ ഉടൻ പൈസ നൽകാമെന്നും ഭരത് ഇരുവരോടും പറഞ്ഞു.
എന്നാൽ, ടിക്കറ്റിന് പണം നൽകാതെ യാത്ര ചെയ്യുന്നതിനെച്ചൊല്ലി ബസിലെ ജീവനക്കാരും ഭരതും തമ്മിൽ തർക്കമായി. തർക്കത്തിനിടെ ഭരതിനെ ബസ് ജീവനക്കാരൻ പുറത്തേക്ക് തള്ളുകയായിരുന്നു. ബസിൽ നിന്ന് തെറിച്ചുവീണ യുവാവിന്‍റെ തല ഡിവൈഡറിന് നടുവിലെ ക്രോസ് ബാരിയറിൽ ഇടിച്ചു. ബസ് സംഭവ സ്ഥലത്ത് നിർത്താതെപോയി.
ഗുരുതരമായി പരിക്കേറ്റ ഭരതിനെ പൊലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ബസിലെ ഡ്രൈവറെയും ക്ലീനറെയും പൊലീസ് അറസ്റ്റ് ചെയ്‌തു.